കനത്ത മഴ: ഏലപ്പാറ കൊച്ചുകരിന്തിരി പുല്ലാട്ടുപടി പാലം തകർന്നു; നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

കനത്ത മഴയിൽ ഇടുക്കി ഏലപ്പാറ കൊച്ചുകരിന്തിരി പുല്ലാട്ടുപടി പാലം തകർന്നതോടെ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. 2018ലെ പ്രളയത്തിൽ ആറിന് കുറുകയുള്ള കോൺക്രീറ്റ് പാലം ഒലിച്ചു പോയതിനെ തുടർന്ന് നാട്ടുകാർ നിർമ്മിച്ച തടിപ്പാലമാണ് തകർന്നത്. ഇടുക്കി ഏലപ്പാറ പഞ്ചായത്തിലെ കൊച്ചു കരിന്തരുവിയുമായി പുതുവൽ നിവാസികളെ ബന്ധിപ്പിക്കുന്നത് പുല്ലാട്ടുപടി പാലമാണ്. പുതിയ തടിപ്പാലത്തിൻ്റെ നിർമാണത്തിലാണ് നാട്ടുകാർ. പാലം നിർമ്മാണത്തിന് ഇടുക്കി പാക്കേജിൽ ഒരുകോടി രൂപ അനുവദിച്ചിരുന്നു ഇതിന് കരാർ ആയിട്ടുണ്ട്. എന്നാൽ പാലം പണിതീരാൻ ഏറെ കാലം എടുക്കും അതുവരെ താൽക്കാലിക തടിപ്പാലം മാത്രമാണ് ആശ്രയം.
വലിയ വെള്ളപ്പൊക്കം വരുമ്പോൾ നടപ്പാലം തകരുമെന്നും എല്ലാ വർഷവും ഇത് പതിവാണെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു. കരിന്തരുവിയുമായി പുതുവൽ നിവാസികളെ ബന്ധിപ്പിക്കുന്നത് ഈ പാലമായതിനാൽ ഇനി മുതൽ പോസ്റ്റ്‌ഓഫീസിലും പള്ളിയിലും സ്‌കൂളിന് പോകാൻ ഇത് മൂലം ബുദ്ധിമുട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



