കരുവാറ്റയിലെ വയോധികന്റെ മരണം; പെണ്‍കുട്ടി ഒഴികെ കേസിലെ മൂന്ന് പ്രതികളെയും മുതിര്‍ന്നവരായി പരിഗണിക്കണമെന്ന് പൊലീസ് ആവശ്യപ്പെടും

കരുവാറ്റയില്‍ കൊച്ചുമകളുടെ കൊട്ടേഷന്‍ പ്രകാരം കൊല ചെയ്യപ്പെട്ട വയോധികന്റെ കേസില്‍ പൊലീസ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. പെണ്‍കുട്ടി ഒഴികെ കേസിലെ മൂന്ന് പ്രതികളെയും മുതിര്‍ന്നവരായി പരിഗണിക്കണമെന്ന് പൊലീസ് ആവശ്യപ്പെടും. പ്രതികള്‍ 18 വയസിന് താഴെയുള്ളവരായതിനാല്‍ ബാലനീതി നിയമപ്രകാരമാണ് നടപടികള്‍ മുന്നോട്ടു പോവുക. എന്നാല്‍ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ മുതിര്‍ന്നവരായി കണ്ട് വിചാരണ നടത്താമെന്നുള്ള ചട്ടം ഉപയോഗപ്പെടുത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നത്.
ഇന്നലെ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കിയ നാല് പ്രതികളെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മൂന്നുപേരെയും കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അടുത്തദിവസം അപേക്ഷയും നല്‍കും.അതേസമയം, വയോധികന്‍ നേരിട്ടത് ക്രൂര മര്‍ദനമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേഹമാസകലം മര്‍ദനത്തിന്റെ പാടുകള്‍ കണ്ടെത്തി. തല ചുവരില്‍ ഇടിപ്പിച്ചു. തലക്ക് പിന്നില്‍ രണ്ട് മുറിവുകളുണ്ട്. കൈകാലുകള്‍ തുണി ഉപയോഗിച്ച് പിന്നിലേക്ക് വലിച്ചു കെട്ടി. വായില്‍ തുണി തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്



