
അടിമാലി: പുലി പൂച്ചയായെന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നൊരു സംഭവം വട്ടവടയില്‍ നടന്നു.വട്ടവട ഗ്രാമത്തിലെ കെ കെ ഷണ്മുഖന്റെ വീട്ടിലാണ് ലപ്പേര്‍ഡ് ക്യാറ്റ് എന്ന കാട്ടുപൂച്ച കയറിയത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ പുലിയുടെ കുഞ്ഞ്. ആരും സംശയിച്ചു പോകും. ഇതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ഷണ്മുഖന്റെ പഴയ വീടാണിത്.

ഇതിനുള്ളില്‍ നിന്നും ശബ്ദം കേട്ട് തൊഴിലാളികളാണ് വാതില്‍ തുറന്ന് നോക്കുന്നത്. ആദ്യമൊന്നു ഞെട്ടി. പുലിയുടെ ഒരു കുഞ്ഞ് വീടിനുള്ളില്‍.ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ക്യാമറയ്ക്ക് നേരെ ചീറ്റി ഒരു ചാട്ടം. ഇതോടെ ഉറപ്പിച്ചു ഇവന്‍ പുലിക്കുട്ടി തന്നെ.ആകെ ആശങ്ക.

കുഞ്ഞുണ്ടെങ്കില്‍ തള്ള പുലി അടുത്തെവിടെയെങ്കിലും കാണും. ഒടുവില്‍ വനംവകുപ്പില്‍ വിവരമറിയിച്ചു. വനപാലകര്‍ എത്തിയപ്പോളാണ് കാര്യം മനസ്സിലാക്കുന്നത്. കണ്ടത് പുലിയെയല്ല കാട്ടുപൂച്ചയെയാണ്. അങ്ങനെ വീടിനുള്ളില്‍ കയറിയ പുലി പൂച്ചയായി. കുറച്ച് നേരമെങ്കിലും പുലിയായി നാട്ടുകാരെ വിറപ്പിച്ച പൂച്ച പുലിയെ വനപാലകര്‍ കാടുകയറ്റുകയും ചെയ്തു.