
അടിമാലി: കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ച് തേങ്ങാ വില കുതിച്ചുയര്‍ന്നു. ഒട്ടുമിക്കയിടങ്ങളിലും 70 രൂപക്കടുത്തും ചിലയിടങ്ങളില്‍ 70 രൂപക്ക് മുകളിലുമെത്തി തേങ്ങാ വില. തേങ്ങാ വിലയില്‍ ഉണ്ടായിട്ടുള്ള വര്‍ധനവ് സാധാരണക്കാരെ വെക്കയാണ്. ഓണക്കാലം മുതലാണ് തേങ്ങായുടെ വിലയില്‍ വര്‍ധനവ് ഉണ്ടായി തുടങ്ങിയത്.35 രൂപക്കടുത്തായിരുന്ന തേങ്ങാ വില ഒരു മാസക്കാലം കൊണ്ട് ഇരട്ടിയോളം ഉയര്‍ന്നു. തേങ്ങായുടെ ലഭ്യത കുറവാണ് വില വര്‍ധനവിന് കാരണമായി പറയപ്പെടുന്നത്.തമിഴ്നാട്ടില്‍ നിന്നും പാലക്കാട് നിന്നുമൊക്കെയാണ് ഹൈറേഞ്ചിലേക്ക് തേങ്ങായെത്തുന്നത്. ഇവിടങ്ങളില്‍ തേങ്ങായുടെ ലഭ്യത കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു.വിലയില്‍ ഇനിയും വര്‍ധനവ് ഉണ്ടായേക്കാമെന്നും കച്ചവടക്കാര്‍ പറയുന്നു. അതേ സമയം തേങ്ങാ വില വര്‍ധിച്ചതോടെ വെളിച്ചെണ്ണ വിലയും വര്‍ധിച്ചു. വെളിച്ചെണ്ണ കിലോക്ക് 20 മുതല്‍ 30 രൂപയുടെ വരെ വില വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കൊപ്രക്കും വില വര്‍ധനവുണ്ട്. ഇത് വെളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുന്ന മില്ലുടമകളേയും പ്രതിസന്ധിയിലാക്കുന്നു.