Education and careerKeralaLatest NewsLocal news

സ്‌കൂൾ കുട്ടികൾക്ക് റീയൂസ് ചലഞ്ചുമായി ഇടുക്കി ജില്ലാ കളക്ടർ

സ്കൂൾ വിദ്യാർഥികൾക്കിടയിൽ പുനരുപയോഗശീലം വളർത്തിയെടുക്കുക, അതിലൂടെ വിഭവങ്ങളുടെ പരമാവധി ഉപഭോഗം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷൻ നടപ്പാക്കുന്ന “പ്രാക്ടീസ് റീ യൂസ് , ബീ എ ഗ്രീൻ ചാംപ് ” പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. പഴയ ബാഗും കുടയും യൂണിഫോമും ചെരിപ്പുമെല്ലാം ഉപയോഗ യോഗ്യമാണെങ്കിലും അത് ഉപയോഗിക്കുന്നത് നാണക്കേടായി കാണുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. എന്നാൽ അത് ശരിയായ മനോഭാവമല്ലെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. സാധ്യമായ എല്ലാം പുനരുപയോഗിക്കുന്നതാണ് യഥാർത്ഥ ഹീറോയിസം. ഈ ചിന്താഗതി വളർത്തിയെടുക്കുന്നതിനാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്നും പുനരുപയോഗം ശീലമാക്കുക വഴി ഭൂമിയിലെ പരിമിതമായ വിഭവങ്ങൾ വരുംതലമുറക്കായി കരുതിവയ്ക്കാമെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ ജൂൺ 2 മുതൽ 10 വരെയാണ് ക്യാമ്പയിൻ നടക്കുക.

മുൻവർഷങ്ങളിലെ ബാഗ്, യൂണിഫോം, കുട, ചെരുപ്പ്, വാട്ടർ ബോട്ടിൽ, ചോറ്റ് പാത്രം എന്നിവ വീണ്ടും ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ സ്കൂൾ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി ജില്ലാ കളക്ടറുടെ കയ്യൊപ്പോടുകൂടിയ ഗ്രീൻ ചാംപ് സർട്ടിഫിക്കറ്റ് നൽകും. കൂടാതെ മൂന്നിലധികം വസ്തുക്കൾ ഉപയോഗിക്കുന്ന വിദ്യാത്ഥികൾക്കു പ്രത്യേക സമ്മാനവുമുണ്ട്.

ഇതിനകം പുതിയവ വാങ്ങിയ കുട്ടികൾക്കും ക്യാമ്പയിൻ്റെ ഭാഗമാവാം. അതിന് കുട്ടികൾ അവരുടെ വീടുകളിലെ കേടുപാടുകൾ ഒന്നും ഇല്ലാത്തതും, ഉപയോഗിക്കാൻ സാധിക്കുന്നതുമായ കഴിഞ്ഞ സ്കൂൾ വർഷത്തെ ബാഗ്, കുട എന്നിവ വൃത്തിയാക്കി സ്കൂളിൽ എത്തിച്ചു നൽകണം. ഇവ അധ്യാപകർ ശേഖരിച്ച് അതേ സ്കൂളിൽ തന്നെ ആവശ്യക്കാരായ മറ്റു കുട്ടികൾക്ക് നൽകുകയോ അല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവശ്യമുള്ള മറ്റ് കുട്ടികൾക്ക് എത്തിച്ചു നൽകുകയോ ചെയ്യും. ഇത്തരത്തിൽ ബാഗ്, കുട മുതലായവ സംഭാവന ചെയ്യുന്ന കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

എല്ലാ കുട്ടികളും ഗ്രീൻ ചാംപ് ആയി ക്യാമ്പയിൻ വലിയ വിജയമാക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!