
അടിമാലി: റവന്യു വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ദേവികുളം എം എല്‍ എ അഡ്വ എ രാജ. ചൊക്രമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ബൈസണ്‍വാലി വില്ലേജ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊക്രമുടിയില്‍ റവന്യു ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നുവെന്നും എം എല്‍ എ ആരോപണം ഉന്നയിച്ചു.ചൊക്രമുടിയെ സംരക്ഷിക്കുക, റവന്യു ഭൂമി കൈയേറി പ്ലോട്ടുകള്‍ തിരിച്ചു വില്‍പ്പന നടത്തിയ ഭൂ മാഫിയ സംഘത്തിന് എതിരെ ശക്തമായ നടപടികള്‍ സ്വികരിക്കുക, ഭൂമാഫിയ സംഘത്തിന് ഒത്താശ ചെയ്ത റവന്യു, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിഷാ നടപടികള്‍ സ്വികരിക്കുക, സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരില്‍ നിന്നും വീണ്ടെടുത്ത് സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ചൊക്രമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബൈസണ്‍വാലി വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചത്.പൊട്ടന്‍കാട് ടൗണില്‍ നിന്നും പ്രകടനമായി എത്തിയാണ് പ്രതിഷേധക്കാര്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചത്. നിരവധിപേര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയിച്ചന്‍ കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സംരക്ഷണ സമിതി ചെയര്‍മാന്‍ വി ബി സന്തോഷ്, കണ്‍വീനര്‍ വി കെ ഷാബു,വൈസ് ചെയര്‍മാന്‍ സി ബി ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.