
മൂന്നാര്‍: ദേവികുളം താലൂക്കിന്റെ വിവിധ മേഖലകളില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങളില്‍ തീരുമാനം കൈകൊള്ളുന്നതിനുമായി അഡ്വ. എ രാജ എം എല്‍ എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.മൂന്നാറിലും മറയൂരിലും ചിന്നക്കനാലിലുമടക്കം വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് അഡ്വ. എ രാജ എം എല്‍ എയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ യോഗം ചേര്‍ന്നത്. ത്രിതല പഞ്ചായത്ത് പ്രതിനിധികളും വന്വകുപ്പുദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ലെന്നാരോപിച്ച് സിപിഐ നേതാക്കള്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയി.
വന്യമൃഗ ശല്യം ഒഴിവാക്കാന്‍ ജനകീയ പങ്കാളിത്തതോടെ പ്രൈമറി റെസ്‌പോണ്‍സ് ടീം ആരംഭിക്കുമെന്നും ഇവര്‍ക്ക് പരിശീലനം നല്‍കുമെന്നും വനം വകുപ്പ് യോഗത്തില്‍ വ്യക്തമാക്കി. പടയപ്പ ഉള്‍പ്പടെയുള്ള കാട്ടാനകള്‍ പതിവായി ജനവാസ മേഖലയില്‍ നാശം വിതച്ചിട്ടും വനം വകുപ്പ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നിലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആക്ഷേപം. വന്യ മൃഗ ശല്യത്തിന് അറുതി വരുത്താന്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയുമെന്ന് യോഗം ബഹിഷ്‌ക്കരിക്കും മുമ്പ് സി പി ഐ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മൂന്നാര്‍ മേഖലയില്‍ ആനകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവെന്ന് വനംവകുപ്പ് യോഗത്തില്‍ അറിയിച്ചു. പടയപ്പയടക്കമുള്ള പ്രശ്‌നക്കാരായ കാട്ടാനകളെ പ്രത്യേകം നിരീക്ഷിക്കുമെന്നും മൂന്നാര്‍ മറയൂര്‍ റോഡില്‍ പ്രത്യേക എലഫന്റ് സ്‌ക്വാഡും പ്രവര്‍ത്തിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.