വരുന്ന വിനോദ സഞ്ചാര സീസണിലേക്കായുള്ള സ്ട്രോബറി കൃഷിയിറക്കാനുള്ള തയ്യാറെടുപ്പില്‍ വട്ടവടയിലെ കര്‍ഷകര്‍

മൂന്നാര്‍: തൊട്ടരികില്‍ നില്ക്കുന്ന വിനോദ സഞ്ചാര സീസണിലേക്കായുള്ള സ്ട്രോബറി കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് വട്ടവടയിലെ സ്ട്രോബറി കര്‍ഷകര്‍. പ്രകൃതി മനോഹാരിത ആസ്വദിക്കാന്‍ മാത്രമല്ല സഞ്ചാരികള്‍ വട്ടവടയിലേക്കെത്തുന്നത്. സ്ട്രോബറിയുടെയും ബ്ലാക്ക്ബറിയുടെയുമൊക്കെ രുചി നുകരാന്‍ കൂടിയാണ്. സ്ട്രോബറി മാത്രമല്ല ഇതില്‍ നിന്നുല്പാദിപ്പിക്കുന്ന വൈനും ജാമുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടത്. സഞ്ചാരികള്‍ ഏറെയെത്തുന്ന മറ്റൊരു വിനോദ സഞ്ചാര സീസണ് കൂടി തൊട്ടരികില്‍ നില്‍ക്കെ സ്ട്രോബറി കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് വട്ടവടയിലെ സ്ട്രോബറി കര്‍ഷകര്‍. ഇപ്പോള്‍ കൃഷിയിറക്കുന്ന സ്ട്രാബറിയില് നിന്ന് ഡിസംബര്‍ മാസത്തോടെ വിളവെടുത്ത് തുടങ്ങാം.

കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ കൃഷിയിലൂടെ മെച്ചപ്പെട്ട വരുമാനം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കഴിഞ്ഞ സീസണില്‍ കിലോക്ക് 600 രൂപ മുതലായിരുന്നു സ്ട്രോബറിയുടെ വില്‍പ്പന വില. ജാമിനും വൈനുമെല്ലാം ആവശ്യക്കാര്‍ ഏറെയുണ്ട്. വട്ടവടയുടെ കാര്‍ഷിക വൃത്തിയും വിനോദ സഞ്ചാരവുമെല്ലാം പരസ്പരം കൂടിച്ചേര്‍ന്നതാണ്. വിവിധയിനം സ്ട്രോബറിത്തൈകളാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്.

8 മാസക്കാലത്തോളം ഇതില്‍ നിന്ന് കായ്കള്‍ ശേഖരിക്കാന്‍. പിന്നീട് പുതിയ തൈകള്‍ നടും. പുതുവത്സരവും മധ്യവേനല്‍ അവധിയുമൊക്കെ എത്തുന്നതോടെ വട്ടവടയില്‍ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടും. സഞ്ചാരികളുടെ ഈ തിരക്കിലാണ് സ്ട്രോബറി കര്‍ഷകരുടെ പ്രതീക്ഷ.