താലൂക്കാശുപത്രിയില്‍ എക്‌സറേ യൂണിറ്റിന്റെ പ്രവര്‍ത്തനം ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിടുന്നു

അടിമാലി: അടിമാലി താലൂക്കാശുപത്രിയില്‍ എക്‌സറേ യൂണിറ്റിന്റെ പ്രവര്‍ത്തനം ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിടുന്നു. തോട്ടം മേഖലകളില്‍ നിന്നും ആദിവാസി ഇടങ്ങളില്‍ നിന്നുമൊക്കെ ദിവസവും നൂറുകണക്കിനാളുകള്‍ ചികിത്സ തേടിയെത്തുന്ന കേന്ദ്രമാണ് അടിമാലി താലൂക്കാശുപത്രി. താലൂക്കാശുപത്രിയില്‍ ഉണ്ടായിരുന്ന എക്‌സറേ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ഇതോടെ ആശുപത്രിയിലെ അസ്ഥി രോഗ വിഭാഗത്തില്‍ ഉള്‍പ്പെടെ ചികിത്സ തേടിയെത്തുന്ന രോഗികള്‍ വലയുകയാണ്.പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായിട്ടായിരുന്നു നിലവില്‍ ഉണ്ടായിരുന്ന എക്‌സറേ യൂണിറ്റ് കെട്ടിടം പൊളിച്ച് നീക്കിയത്.
പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമായിട്ടും എക്‌സറേ യൂണിറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വൈകുന്നതാണിപ്പോള്‍ പ്രതിഷേധത്തിന് ഇടവരുത്തുന്നത്. ആശുപത്രിയില്‍ എക്‌സറേ യൂണിറ്റിന്റെ പ്രവര്‍ത്തനം ഇല്ലാതായതോടെ ആളുകള്‍ സ്വകാര്യ ലാബുകളെയാണിപ്പോള്‍ ആശ്രയിക്കുന്നത്. ഇത് രോഗികള്‍ക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു.മാത്രമല്ല രോഗികളുമായി സ്വകാര്യലാബുകളിലേക്ക് പോകേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടും ദുരിതം സമ്മാനിക്കുന്നുണ്ട്. എക്‌സറേയൂണിറ്റ് പ്രവര്‍ത്തനക്ഷമമാകുന്നതില്‍ വന്നിട്ടുള്ള കാലതാമസം സംബന്ധിച്ച് ആശുപത്രി അധികൃതര്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇക്കാര്യത്തിലെല്ലാം വേഗത്തില്‍ ഉള്ള ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.