
മാങ്കുളം: പള്ളിവാസല്‍ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറ വ്യൂ പോയിന്റിലേക്കുള്ള പാത യാത്രായോഗ്യമാക്കണമെന്നാവശ്യം. നിലവില്‍ വ്യൂ പോയിന്റില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപത്തേക്കെത്തുന്ന പാത പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. ദിവസവും നിരവധി സഞ്ചാരികള്‍ എത്തുന്ന പള്ളിവാസല്‍ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് കോട്ടപ്പാറ വ്യൂ പോയിന്റ്. കോട്ടപ്പാറ വ്യൂ പോയിന്റിന്റെ അടിസ്ഥാന സൗകര്യ വര്‍ധനവിനായി പള്ളിവാസല്‍ പഞ്ചായത്ത് ചില പദ്ധതികള്‍ ആവിക്ഷ്ക്കരിക്കുന്നുമുണ്ട്.
കല്ലാര്‍ മാങ്കുളം റോഡിലൂടെ സഞ്ചരിച്ച് കുരിശുപാറയില്‍ നിന്നുമാണ് സഞ്ചാരികള്‍ അധികവും കോട്ടപ്പാറയിലേക്കെത്തുന്നത്. വ്യൂ പോയിന്റിനരികിലേക്കെത്തുമ്പോള് റോഡിന്റെ ഏതാനും കുറച്ച് ഭാഗം തകര്‍ന്ന് കിടക്കുന്നതാണ് പരാതികള്‍ക്ക് ഇടവരുത്തുന്നത്. വ്യൂ പോയിന്റില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപത്തേക്കെത്തുന്ന പാത പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. ഈ ഭാഗം യാത്രാ യോഗ്യമാക്കണമെന്നാണ് ആവശ്യം. വഴിയില്‍ വലിയ ഗര്ത്തങ്ങളായതോടെ ഓഫ് റോഡ് ജീപ്പുകളടക്കം ഏറെ പണിപ്പെട്ടാണ് വ്യൂ പോയിന്റിന് മുകളിലേക്കെത്തുന്നത്.
ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമൊക്കെ എത്തുന്ന സഞ്ചാരികള്‍ റോഡ് ഏറ്റവും മോശമായ ഭാഗത്ത് നിര്‍ത്തി ശേഷിക്കുന്ന ഭാഗം നടന്നു കയറുകയാണ് ചെയ്യുന്നത്. മനോഹരമായ കാഴ്ച്ചകള്‍ ഒരുക്കുന്ന വ്യൂ പോയിന്റായതിനാല്‍ സഞ്ചാരികള്‍ ധാരാളം ഇവിടേക്കെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തകര്‍ന്ന് കിടക്കുന്ന കുറച്ചു ഭാഗത്തെ റോഡ് യാത്രാ യോഗ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.