
മൂന്നാര്‍: ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും അതിശൈത്യം.മാട്ടുപ്പട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മൂന്നാഴ്ച്ചക്കുശേഷമാണ് മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിലെത്തുന്നത്.അന്തരീക്ഷ താപനില താഴ്ന്നതോടെ പ്രദേശത്ത് പുല്‍മേടുകളില്‍ നേരിയ തോതില്‍ മഞ്ഞ് വീഴ്ച്ചയുമുണ്ടായി. സെവന്‍മല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളില്‍ കുറഞ്ഞ അന്തരീക്ഷ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.ഡിസംബര്‍ അവസാന വാരവും ജനുവരി ആദ്യവാരവും മൂന്നാറില്‍ വലിയ തണുപ്പനുഭവപ്പെട്ടിരുന്നു.പിന്നീട് അന്തരീക്ഷം മേഘാവൃതമാവുകയും തണുപ്പ് കുറയുകയും ചെയ്തിരുന്നു.ഡിസംബര്‍ അവസാന വാരവും ജനുവരി ആദ്യവാരവും സഞ്ചാരികളുടെ വലിയ തിരക്കും അനുഭവപ്പെട്ടു.തണുപ്പ് കുറഞ്ഞതോടെ സഞ്ചാരികളുടെ തിരക്കും കുറഞ്ഞിരുന്നു.വരും ദിവസങ്ങളില്‍ ശൈത്യം തുടര്‍ന്നാല്‍ സഞ്ചാരികള്‍ കൂടുതലായി വീണ്ടും മൂന്നാറിലേക്കെത്തുമെന്നാണ് പ്രതീക്ഷ.