
അടിമാലി: അടിമാലി അപ്‌സരകുന്ന് തലമാലി റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപത്തെ കൊടും വളവിന്റെ നവീകരണജോലികള്‍ക്ക് വൈകാതെ തുടക്കം കുറിക്കും. അടിമാലിയില്‍ നിന്നും കുരങ്ങാട്ടി, പീച്ചാട്, മാങ്കുളം മേഖലകളിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന റോഡാണ് അടിമാലി അപ്‌സരകുന്ന് തലമാലി റോഡ്. ഈ റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപമാണ് അപകട സാധ്യതയേറെയുള്ള കുത്തനെയുള്ള കയറ്റവും കൊടും വളവും സ്ഥിതി ചെയ്യുന്നത്. ഈ പാതയുടെ മറ്റ് ഭാഗങ്ങളില്‍ മുമ്പ് വീതി വര്‍ധിപ്പിക്കല്‍ ജോലികള്‍ നടത്തിയിരുന്നു. ഇതോടെ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു. ഇതോടെ എസ് വളവെന്നറിയപ്പെടുന്ന ഈ ഭാഗത്ത് അപകട സാധ്യത കുറക്കാന്‍ നവീകരണജോലികള്‍ നടത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ നവീകരണജോലികള്‍ക്കായുള്ള ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. വളവിലെ അപകട സാധ്യത കുറക്കാന്‍ പത്ത് ലക്ഷം രൂപ വകയിരുത്തിയതായും വൈകാതെ നിര്‍മ്മാണ ജോലികളാരംഭിക്കുമെന്നും ഗ്രാമപഞ്ചായത്തംഗം സി ഡി ഷാജി പറഞ്ഞു. അടിമാലിയില്‍ നിന്നും മാങ്കുളത്തേക്കുള്ള വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ യാത്രക്കായി ഈ വഴിയെ ആശ്രയിക്കുന്നുണ്ട്. എസ് വളവ് ഭാഗത്തു കൂടിയുള്ള യാത്ര ഇവര്‍ക്ക് കടുപ്പമേറിയതാവാറുണ്ട്. കൊടും വളവും കുത്തനെയുള്ള കയറ്റവും മൂലം വഴിപരിചിതമല്ലാതെത്തുന്ന ഇരുചക്രവാഹനയാത്രികരടക്കം ഇവിടെ അപകടത്തില്‍പ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വളവ് മുഖംമിനുക്കുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.