
അടിമാലി: സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായ അക്ബർ നേര്യമംഗലത്തിൻ്റെ പുതിയ പുസ്തകം ‘നിന്നെക്കുറിച്ചുള്ള കവിതകളുടെ’ പ്രകാശനം അടിമാലിയിൽ നടന്നു. പച്ച ആഴ്ച്ചപ്പത്രത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്നു പ്രണയകവിതകളുടെ സമാഹാരമായി പുറത്തിറക്കിയിട്ടുള്ള പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. ജീവിത വഴിയിലെ ചുറ്റുപ്പാടുകളെ എഴുത്തിനോട് ചേർത്തുള്ള രചനാശൈലിയാണ് സാഹിത്യകാരനായ അക്ബർ നേര്യമംഗലത്തിൻ്റേത്. പട്ടാമ്പി ലോഗോസ് ബുക്സ് പുറത്തിറക്കിയിട്ടുള്ള പുസ്തകത്തിൻ്റെ പ്രകാശനം അടിമാലി ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. കേരളാ വിഷൻ ന്യൂസ് ചെയർമാൻ പി എസ് സിബി പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് പുഷ്പമ്മ പുസ്തക പ്രകാശനം നിർവ്വഹിച്ചു. അക്ബറിൻ്റെ ഭാര്യ നബീസ അക്ബർ പുസ്തകം സ്വീകരിച്ചു. കവി ശ്രീകുമാർ കരിയാട് മുഖ്യാതിഥിയായി. സാഹിത്യകാരൻ ആൻ്റണി മുനിയറ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ ജോസ് കോനാട്ട് പുസ്താകാസ്വാദന പ്രഭാഷണം നടത്തി. പച്ച ആഴ്ച്ചപത്രം പത്രാധിപർ സത്യൻ കോനാട്ട്, എഴുത്തുകാരൻ സി എസ് റെജി കുമാർ, ഷീല ലാൽ, സന്തോഷ് കുമാർ എം എം, തുടങ്ങി സാമൂഹിക, സാംസ്ക്കാരിക, സാഹിത്യ രംഗത്തെ വിവിധയാളുകൾ പുസ്ത പ്രകാശന ചടങ്ങിൽ പങ്കെടുത്തു. അക്ബറിൻ്റേതായി പുറത്തിറങ്ങിയിട്ടുള്ള സാഹിത്യ സൃഷ്ടികളിൽ 4 എണ്ണം കവിതാ സമാഹാരങ്ങളും ഒരെണ്ണം കാടനുഭവങ്ങളുമാണ്. എഴുത്തിനൊപ്പം മാധ്യമ പ്രവർത്തനം കൂടി ഒപ്പം കൊണ്ടുപോകുന്ന അക്ബർ നേര്യമംഗലം ഭാരതീയ സേവക് സമാജ് പുരസ്ക്കാരം, സംസ്ക്കാര സാഹിതി അവാർഡ് തുടങ്ങി വിവിധ അവാർഡ് ജേതാവ് കൂടിയാണ് അദ്ദേഹം.