നിര്‍മ്മാണ ജോലികളുടെ ഭാഗമായി മറയൂര്‍ ചിന്നാര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

മൂന്നാര്‍: ഏറെ നാളായുള്ള ആവശ്യമാണ് മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയുടെ ഭാഗമായ മറയൂര്‍ മുതല്‍ ചിന്നാര്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ നവീകരണ ജോലികള്‍ നടത്തണമെന്നുള്ളത്. കാത്തിരിപ്പിനൊടുവില്‍ നവീകരണ ജോലികള്‍ക്ക് തുടക്കം കുറിച്ചു. ബി എം ബി സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ മറയൂര്‍ ചിന്നാര്‍ റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇത് പ്രകാരം രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം 3 മണിവരെ ഈ റൂട്ടില്‍ ഗതാഗതം അനുവദിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ ആശുപത്രി സംബന്ധമായ യാത്രകള്‍ക്കും മറ്റും ഇളവ് അനുവദിച്ചിട്ടുണ്ട്. അടുത്തമാസം 30 വരെയാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ റോഡിന്റെ പലഭാഗത്തും ടാറിംഗ് ഇളകി വലിയ കുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്. കുഴി താണ്ടിയുള്ള യാത്ര വാഹനയാത്രികര്‍ക്ക് വലിയ ക്ലേശം സമ്മാനിക്കുന്നു. റോഡ് നവീകരിക്കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.