
മൂന്നാര്‍: നാട്ടിലെങ്ങും കനത്ത ചൂട് തുടരുമ്പോഴും മൂന്നാറില്‍ ശൈത്യം തുടരുകയാണ്. മൂന്നാറിന് സമീപമുള്ള ചെണ്ടുവരയില്‍ കഴിഞ്ഞ ദിവസം അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ 3, ദേവികുളം, ലക്ഷ്മി, സെവന്‍മല എന്നിവിടങ്ങളില്‍ 4, സൈലന്റു വാലിയില്‍ 5 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു രാവിലെ രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി മൂന്നാറില്‍ രാത്രിയും പുലര്‍ച്ചെയും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ഫെബ്രുവരി ആദ്യവാരം മൂന്നാറില്‍ താപനില മൈനസ് മൂന്ന് വരെ താഴ്ന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാര്‍ച്ച് പകുതിയായിട്ടും മൂന്നാറില്‍ തണുപ്പ് തുടരുന്നത്. രാത്രിയിലും പുലര്‍ച്ചയും തണുപ്പ് ശക്തമാണെങ്കിലും പകല്‍ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. പകല്‍ 20 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ മൂന്നാറില്‍ പകല്ച്ചൂടനുഭവപ്പെടുന്നുണ്ട്. പരീക്ഷക്കാലവും നോമ്പ് കാലവുമൊക്കെയായതിനാല് മൂന്നാറില്‍ പൊതുവെ സഞ്ചാരികളുടെ തിരക്കിപ്പോള്‍ കുറവാണ്.