അടിമാലി ടൗണിലെ ഓടകളിൽ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി മാറിയെന്ന് പരാതി

അടിമാലി: അടിമാലി ടൗണിലെ ഓടകള്‍ പലതും ദുര്‍ഗന്ധം വമിക്കുന്നതായി മാറിയെന്ന് പരാതി. ബസ് സ്റ്റാന്‍ഡ് പരിസരത്തുള്‍പ്പെടെ ഒട്ടുമിക്ക ഓടകളുടെയും സ്ഥിതി സമാനമാണ്. വെള്ളമൊഴുക്ക് കുറഞ്ഞതോടെ ഓടകളില്‍ മലിനജലം കെട്ടി കിടക്കുന്ന സ്ഥിതിയാണുള്ളത്. ഓടകളിലേക്ക് പ്ലാസ്റ്റിക് കുപ്പികളടക്കം മാലിന്യം കൂടി നിക്ഷേപിക്കപ്പെടുന്നതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നുവെന്നാണ് ആക്ഷേപം. ഓടകള്‍ കടന്നു പോകുന്ന ഭാഗത്തെ വ്യാപാരികളടക്കം അസഹനീയമായ ദുര്‍ഗന്ധം സഹിച്ചാണ് വ്യാപാരശാലകളില്‍ ഇരിക്കുന്നത്. കെട്ടികിടക്കുന്ന മലിനജലത്തില്‍ കൊതുകുകളും കൂത്താടികളും പെരുകുന്ന സ്ഥിതിയുമുണ്ട്. ഇത് പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുമോയെന്ന ആശങ്കക്കും വഴിയൊരുക്കുന്നു. മഴ പെയ്യുന്നതോടെ കെട്ടി കിടക്കുന്ന മലിനജലവും മാലിന്യങ്ങളുമെല്ലാം ദേവിയാര്‍പുഴയിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയുണ്ടാക്കും. ചിലരെങ്കിലും ഇപ്പോഴും ടൗണിലെ ഓടകളിലേക്ക് മാലിന്യം ഒഴുക്കുന്നുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. ടൗണിലെ ഓടകളുടെ ശുചീകരണത്തിന് പഞ്ചായത്ത് ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.