പഴയ ആലുവ മൂന്നാര്‍ രാജപാത തുറക്കണം; അവകാശ പ്രഖ്യാപന യാത്രയില്‍ വന്‍ജന മുന്നേറ്റം

അടിമാലി: പഴയ ആലുവ മൂന്നാര്‍ റോഡ് തുറന്ന് സഞ്ചാര യോഗ്യമാക്കണം എന്ന് ആവിശ്യപ്പെട്ട് ട്ട് നടത്തിയ അവകാശ പ്രഖ്യാപന യാത്ര വന്‍ജനമുന്നേറ്റമായി. സാമൂഹിക, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ നേതൃത്വത്തിലുള്ള യാത്രയില്‍ കുട്ടമ്പുഴ, കീരംപാറ, മാങ്കുളം പഞ്ചായത്തുകളിലെ ആയിരക്കണക്കിനാളുകള്‍ അണിനിരന്നു. വനംവകുപ്പിനെതിരെ മുദ്രാവാക്യങ്ങള്‍ യാത്രയില്‍ നിറഞ്ഞു. വിവിധയിടങ്ങളില്‍ നിന്നെത്തിയവര്‍ പൂയംകുട്ടിയില്‍ ഒരുമിച്ചശേഷമായിരുന്നു പഴയ രാജപാതയിലൂടെ നീങ്ങിയത്. ഇവിടെ വനംവകുപ്പ് സ്ഥാപിച്ച ബാരിക്കേഡിന് സമീപം വഴി തടയാന്‍ പോലീസും ഫോറസ്റ്റും ശ്രമിച്ചുവെങ്കിലും എം.പിയും എം.എല്‍.എയുമായുള്ള ചര്‍ച്ചയില്‍ പോകാന്‍ അനുവദിക്കുകയായിരുന്നു. ബ്രിട്ടിഷ് ഭരണകാലത്തു നിലവിലുണ്ടായിരുന്ന രാജപാത നൂറ്റാണ്ടു മുമ്പ് പ്രകൃതിക്ഷോഭത്തില്‍ തകരുകയായിരുന്നു.
അടിമാലി വഴി റോഡ് നിര്‍മിച്ചതോടെ രാജപാത ഉപേക്ഷിക്കപ്പെട്ട് കാലക്രമേണ വനംവകുപ്പിന്റെ അധീനതയിലായി. പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡില്‍ വനംവകുപ്പിന് അധികാരമില്ലെന്നാണു സമരക്കാരുടെ പക്ഷം. റോഡ് തുറന്നാല്‍ യാത്രാ സൗകര്യം വര്‍ധിക്കുന്നതോടൊപ്പം ടൂറിസം, കാര്‍ഷിക, വ്യാവസായിക, വാണിജ്യ മേഖലകളിലും പുരോഗതിക്കു കാരണമാകുമെന്നു സമരക്കാര്‍ ചൂണ്ടിക്കാട്ടി. പൂയംകുട്ടി ജംക്ഷനില്‍ ഡീന്‍ കുര്യാക്കോസ് എംപി അവകാശ പ്രഖ്യാപന യാത്ര ഉദ്ഘാടനം ചെയ്തു. ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷനായി.
മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ് എം പി, മാത്യു കുഴല്‍നാടന്‍ എം എല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍് മനോജ് മൂത്തേടന്‍ തുടങ്ങി വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും വൈദികരും പങ്കെടുത്തു.അവകാശ പ്രഖ്യാപന യാത്രയില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ പങ്കെടുത്തു. സമരത്തില്‍ മാങ്കുളത്ത് നിന്നു മാത്രം അഞ്ഞൂറില്‍പ്പരം ആളുകള്‍ അണിനിരന്നു. കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പ്രായത്തെ അവഗണിച്ച് യാത്രയുടെ ഭാഗമായി.