
അടിമാലി: ലഹരിക്കെതിരെ അടിമാലിയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. സംസ്ഥാനത്ത് മയക്കു മരുന്നുള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വ്യാപനത്തിന് തടയിടാന്‍ ലക്ഷ്യം വെച്ച് പോലീസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഡീഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലും പോലീസിന്റെ മിന്നല്‍ പരിശോധന നടന്നത്. ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്. വഴിയോരങ്ങളിലെ പെട്ടിക്കടകളിലും അയല്‍ സംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലും ആളൊഴിഞ്ഞ ടൗണിലെ ബഹുനില കെട്ടിടങ്ങളിലും ബസുകളിലും സംഘം പരിശോധന നടത്തി. പരിശോധനയില്‍ അയല്‍ സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നിടത്തു നിന്നും ചെറിയ അളവില്‍ കഞ്ചാവ് കണ്ടെടുത്തു.
വരും ദിവസങ്ങളിലും മിന്നല്‍ പരിശോധന തുടരുമെന്ന് ഡി വൈ എസ് പി ജില്‍സണ്‍ മാത്യു പറഞ്ഞു. ആളൊഴിഞ്ഞ ഇടങ്ങളില്‍ സംശയാസ്പദമായി കണ്ടവരേയും പോലീസ് പരിശോധനക്ക് വിധേയരാക്കി. ലഹരിയുടെ ഉപയോഗം നടക്കാന്‍ ഇടയുള്ളതായി വിവരം ലഭിച്ച സ്ഥലങ്ങളിലും പോലീസ് സംഘമെത്തി. സംശയാസ്പദമായ ചിലയിടങ്ങളില്‍ പോലീസ് നായ മണം പിടിച്ചെത്തിയെങ്കിലും ഇവിടങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ലഹരിയുടെ ഉപയോഗം നിയന്ത്രിക്കാന്‍ സംശയാസ്പദമായ ഇടങ്ങളില്‍ പോലീസിന്റെ നിരീക്ഷണം തുടരുന്നുണ്ട്.