മാലിന്യം നിക്ഷേപിക്കുന്നവരെ പൂട്ടാന്‍ കര്‍ശന നടപടികളുമായി മൂന്നാര്‍ ഗ്രാമപഞ്ചായത്ത്

മൂന്നാര്‍: പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പൂട്ടാന്‍ കര്‍ശന നടപടികളുമായി മൂന്നാര്‍ ഗ്രാമപഞ്ചായത്ത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ജനകീയ ക്യാമ്പയിന്റെ ഭാഗമായിട്ട് മൂന്നാറിലും പരിസര പ്രദേശങ്ങളിലും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പഞ്ചായത്തിന് പുറമെ വിവിധ വകുപ്പുകളും സേനാവിഭാഗങ്ങളും പൊതുജനങ്ങളും സന്നദ്ധ സംഘടനകളും വ്യാപാരികളും മെഗാ ക്ലീനപ്പ് ഡ്രൈവില്‍ പങ്കാളിത്തം വഹിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പൂട്ടാന്‍ കര്‍ശന നടപടികളുമായി മൂന്നാര്‍ ഗ്രാമപഞ്ചായത്ത് മുമ്പോട്ട് പോകുന്നത്. മൂന്നാര്‍ ടൗണില്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിച്ചയാളില് നിന്നും അമ്പതിനായിരം രൂപ പഞ്ചായത്ത് പിഴ ഈടാക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
പുഴകള്‍, പുഴയോരങ്ങള്‍, പാതയോരങ്ങള്‍, പൊതുഇടങ്ങള്‍ തുടങ്ങി വിവിധയിടങ്ങളില്‍ നിന്നും പഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാലിന്യം നീക്കം ചെയ്തിരുന്നു. അമ്പത്തഞ്ച് ടണ്ണോളം മാലിന്യമാണ് ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടത്. ഇതില്‍ 40 ടണ്ണോളം മാലിന്യം പ്ലാസ്റ്റിക് മാലിന്യമായിരുന്നു. ശുചീകരണം നടന്നതിന് പിന്നാലെ പാതയോരങ്ങളിലടക്കം വീണ്ടും മാലിന്യം നിക്ഷേപിക്കുന്ന പ്രവണത തുടരുന്നുണ്ട്. നിരീക്ഷണ ക്യാമറകളടക്കം സ്ഥാപിച്ച് ഇത്തരക്കാരെ കര്‍ശനമായി പൂട്ടാനാണ് പഞ്ചായത്തിന്റെ തീരുമാനം.