അടിമാലി ടൗണില്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളില്‍ ബസിടിച്ച് അപകടം

അടിമാലി: അടിമാലി ടൗണില്‍ ദേശിയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളില്‍ സ്വകാര്യബസിടിച്ച് അപകടം. ബസ് ഡ്രൈവര്‍ക്ക് വാഹനമോടിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് നല്കുന്ന വിവരം. ഇന്നുച്ചയോടെയായിരുന്നു സംഭവം നടന്നത്. അടിമാലി ടൗണില്‍ ദേശിയപാതയോരത്ത് ഫെഡറല്‍ബാങ്കിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളില്‍ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരു ബൈക്ക് ബസിനടിയില്‍ അകപ്പെട്ടു. ഏറെ ശ്രമകരമായിട്ടാണ് ബൈക്ക് പിന്നീട് ബസിനടിയില്‍ നിന്നും പുറത്തെടുത്തത്. ബൈക്ക് പൂര്‍ണ്ണമായി തകര്‍ന്നു.
അപകടം നടന്ന സ്ഥലത്ത് പ്രവര്‍ത്തിച്ച് വരുന്ന വര്‍ക്ക്ഷോപ്പിന്റെ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിലാണ് ബസിടിച്ചത്. നിര്‍ത്തിയിട്ടിരുന്ന ഒന്നിലധികം ഇരുചക്രവാഹനങ്ങളില്‍ ബസിടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അടിമാലി പോലീസ് തുടര്‍ നടപടി സ്വീകരിച്ചു.