ചൊക്രമുടി മലനിരകളിലെ കയ്യേറ്റഭൂമികൾ സന്ദർശിച്ച് കോൺഗ്രസ് പ്രാദേശിക നേതൃത്വം

അടിമാലി: ചൊക്രമുടി മലനിരകളിലെ വിവിധ കയ്യേറ്റ ഭൂമികൾ തിരിച്ചു പിടിക്കണമെന്നാവിശ്യപ്പെട്ട് കോൺഗ്രസ് ബൈസൺവാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കയ്യേറ്റ ഭൂമികൾ സന്ദർശിച്ചു. ചൊക്രമുടി മലനിരകളിലെ ഒറ്റമരം, പച്ചപ്പുല്ല്, വീക്കാട്, പെരപ്പാറ, കല്ലമ്പലം തുടങ്ങിയ മേഖലയിൽ നടന്ന കയ്യേറ്റം സർക്കാർ അടിയന്തരമായി പരിശോധിക്കണമെന്ന് ഭൂമി സന്ദർശിച്ച ശേഷം മുൻ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ആവിശ്യപ്പെട്ടു. സിപിഎംമിലെ ഉന്നതരായ നേതാക്കളാണ് ഈ കയ്യേറ്റത്തിന് പിന്നിലെന്നാണ് മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റമരം, പച്ചപ്പുല്ല്, വീക്കാട്, പെരപ്പാറ, കല്ലമ്പലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുത്തക പാട്ട ഭൂമിയുടെ മറവിൽ വ്യാപകമായ കയ്യേറ്റം നടത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ മുടക്കി റോഡ് നിർമ്മിക്കുകയും ഈ പ്രദേശമെല്ലാം കയ്യേറ്റക്കാരുടെ കൈയ്യിലായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മേഖലയിൽ സർക്കാറിൻ്റെ കൈവശമുണ്ട് എന്ന് പറയുന്ന 870 ഏക്കർ തരിശ് ഭൂമി സർവ്വേ നടത്തി കയ്യേറ്റക്കാരിൽ നിന്നും ഒഴിപ്പിച്ചെടുക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും ബൈസൺവാലി പ്രദേശീയ നേതൃത്വം ആവിശ്യപ്പെട്ടു. ചൊക്രമുടിയിലെ 13.79 ഏക്കർ കയ്യേറ്റ ഭൂമി സർക്കാർ തിരിച്ചു പിടിച്ചതിനു പിന്നാലെയാണ് ബാക്കിയുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവിശ്യവുമാ കോൺഗ്രസ്സ് പ്രാദേശിക നേതൃത്യം രംഗത്തെത്തിയിട്ടുള്ളത്. ബൈസൺവാലി മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പിൽ, അലോഷി തിരുതാളിൽ, വി.ജെ ജോസഫ്, എംഎം ബേബി, ബേബി ചെരുപുഷ്പ്പം, ഷാബു കൊറ്റംചിറകുന്നേൽ, സിജു ജേക്കബ്, ഗുണശേഖരൻതുടങ്ങിയവർ കയ്യേറ്റഭൂമി സന്ദർശിച്ചു.