മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ യുവാക്കളുടെ സാഹസിക യാത്രയും വീഡിയോ ചിത്രീകരണവും

മൂന്നാര്‍: ഒരിടവേളക്ക് ശേഷമാണ് മൂന്നാറില്‍ നിന്ന് വീണ്ടും സാഹസികയാത്രയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ലോക്ക് ഹാര്‍ട്ട് ഭാഗത്ത് വച്ചാണ് യുവാക്കള്‍ സാഹസിക യാത്രക്ക് മുതിര്‍ന്നത്. കാറിന്റെ ഡോറില്‍ കയറി ഇരുന്നായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. ഒപ്പം ഇവര്‍ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. കേരള രജിസ്ട്രേഷന് വാഹനത്തിലായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം.ഈ സമയം സ്ഥലത്തുണ്ടായിരുന്ന മറ്റ് വാഹനയാത്രികരാണ് യുവാക്കളുടെ സാഹസികയാത്രയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മധ്യവേനല്‍ അവധി ആരംഭിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങിയിട്ടുണ്ട്.
നാളുകള്‍ക്ക് മുമ്പ് വരെ ഗ്യാപ്പ് റോഡില്‍ വാഹനത്തിലുള്ള സാഹസികയാത്ര ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. സമാന സംഭവങ്ങള്‍ വര്‍ധിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടിയും പരിശോധനയും കടുപ്പിച്ചു. നിയമലംഘകര്‍ക്കെതിരെ നിയമ നടപടികളിലേക്ക് കടന്നിരുന്നു. ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇതിന് ശേഷം സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു.