
അടിമാലി: ഏറെ വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും അടിമാലി ഫെസ്റ്റിന് കളമൊരുങ്ങുകയാണ്. ഇത്തവണത്തെ അടിമാലി ഫെസ്റ്റ് മെയ് 1 മുതല്‍ 10 വരെ നടക്കും. കഴിഞ്ഞ ഡിസംബറില്‍ ഫെസ്റ്റ് നടത്താന്‍ തീരുമാനം കൈകൊണ്ടിരുന്നുവെങ്കിലും ഫെസ്റ്റ് നഗരിയുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തടസ്സത്താല്‍ ഫെസ്റ്റ് നടത്തിപ്പ് നീളുകയായിരുന്നു. ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് അടിമാലി ഗ്രാമപഞ്ചായത്തില്‍ യോഗം നടന്നു.
ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. വില്‍പ്പന, പ്രദര്‍ശന സ്റ്റാളുകള്‍ ഉള്‍പ്പെടെ ഒരുക്കി കലാപരിപാടികളോടെ വിപുലമായ രീതിയില്‍ ഫെസ്റ്റ് നടത്തുവാനാണ് തീരുമാനം കൈകൊണ്ടിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ നടന്നിരുന്ന അടിമാലി ഫെസ്റ്റ് അടിമാലിയുടെ വാണിജ്യമേഖലക്കുള്‍പ്പെടെ ഉണര്‍വ്വ് പകര്‍ന്നിരുന്നു. പിന്നീട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫെസ്റ്റ് നടന്നിരുന്നില്ല.1992ലാണ് വിവിധ സാംസ്‌ക്കാരിക സംഘടനകള്‍ മുന്‍കൈയ്യെടുത്ത് ഫെസ്റ്റിന് തുടക്കം കുറിച്ചത്.2016ലാണ് ഒടുവില്‍ അടിമാലി ഫെസ്റ്റ് നടന്നത്.അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട് കേന്ദ്രീകരിച്ച് ഫെസ്റ്റ് നടത്താനാണ് തീരുമാനം കൈകൊണ്ടിട്ടുള്ളത്.