KeralaLatest NewsLocal news

ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസിനെതിരെ മൂന്നാര്‍ മേഖലയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്ത്

മൂന്നാര്‍: ടാക്‌സി മേഖലയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും ലോക്കല്‍ ടാക്‌സി ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയാണ്. ആനച്ചാലില്‍ വച്ച് ലോക്കല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയുമായി മൂന്നാര്‍ മേഖലയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്തെത്തിയിട്ടുള്ളത്. ഇത്രയും കാലം ഒരു പ്രശ്‌നങ്ങളുമില്ലാതിരുന്ന ഈ മേഖലയില്‍ ഓണ്‍ലൈന്‍ ടാക്്‌സികളുടെ കടന്നുവരവോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും തങ്ങള്‍ക്ക് ലഭിക്കുന്ന ഓട്ടങ്ങള്‍ ഇല്ലാതാക്കാനായി വളരെ കുറഞ്ഞ നിരക്കിലാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുന്നതെന്നും ലോക്കല്‍ ടാക്‌സി ഡ്രൈവര്‍ പരാതി ഉന്നയിക്കുന്നു.

കൂടാതെ മൂന്നാര്‍ മേഖലയിലേക്ക് നടക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ നിയമവിരുദ്ധമാണെന്നും ലോക്കല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആനച്ചാലില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ ലോക്കല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചുവെന്ന പ്രചാരണവും പരാതിയും അടിസ്ഥാനരഹിതമാണെന്നും ആനച്ചാല്‍ സ്വദേശിക്ക് ലഭിച്ച ഓട്ടം കുറഞ്ഞനിരക്കില്‍ പിടിച്ചത് സംബന്ധിച്ച് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും ആനച്ചാല്‍ കാര്‍ ടാക്‌സി യൂണിയന്‍ സി ഐ ടി യു സെക്രട്ടറി ജോണ്‍ മാത്യു പറഞ്ഞു. അതേ സമയം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും ലോക്കല്‍ ടാക്‌സി ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിന്റെ സൂചന നല്‍കിയുള്ള ശബ്ദ സന്ദേശങ്ങള്‍ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. കയ്യാങ്കളിയിലൂടെ കാര്യങ്ങള്‍ പരിഹരിക്കാമെന്നതരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.

ഇതു സംബന്ധിച്ച് ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെ ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതായി കെഡിഎച്ച്പി ഓള്‍ ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സുമേഷ് കുമാര്‍, പ്രസിഡന്റ് നാരായണസ്വാമി, സെക്രട്ടറി പി.തമ്പി ദുരെ, ആനച്ചാല്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ സെക്രട്ടറി ജോണ്‍ മാത്യു, സെക്രട്ടറി പി.യൂ.അനില്‍ എന്നിവര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!