മൂന്നാറില്‍ പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കുമെതിരെ കോണ്‍ഗ്രസ് നേതൃത്വം

മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി വിവാദത്തില്‍ പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയ വിവാദമായി മുമ്പോട്ട് പോകവെയാണ് വിഷയത്തില്‍ മറ്റൊരാരോപണവും പ്രതിരോധവുമായി മൂന്നാറില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്.
പ്രസിഡന്റിന്റെ രാജി വിവാദത്തില്‍ പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് മുമ്പോട്ട് വയ്ക്കുന്നത്. തന്റെ മുന്പില് വച്ച് രാജിക്കത്തില്‍ ഒപ്പിടണമെന്ന കാര്യം മറച്ച് വച്ചാണ് സെക്രട്ടറി രാജി സ്വീകരിച്ചതായുള്ള രസീത് നല്‍കിയതെന്നും ഓഫിസ് സമയം കഴിഞ്ഞ് വൈകിട്ട് 6നാണ് രാജി കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നുളള പ്രസിഡന്റിന്റെ പരാതി സെക്രട്ടറി സ്വീകരിച്ചതെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.
പ്രസിഡന്റിന്റെ രാജി സംബന്ധിച്ച് വിധി എതിരാണെങ്കില്‍ തെളിവുകള്‍ സഹിതം കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് ഡി സിസി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി, ബ്ലോക്ക് പ്രസിഡന്റ് എസ്.വിജയകുമാര്‍, വൈസ് പ്രസിഡന്റ് എ.ആന്‍ഡ്രൂസ്, മണ്ഡലം പ്രസിഡന്റ് സി നെല്‍സണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.