
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അടിമാലി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. അടിമാലി ഇരുന്നൂറേക്കർ സ്വദേശിനി ലൈസാമ്മ ജോയിയാണ് മരിച്ചത്.

അടിമാലി കുമളി ദേശീയപാതയിൽ 200 ഏക്കറിൽ വച്ചായിരുന്നു ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അപകടം സംഭവിച്ചത്. ലൈസാമ്മ മകനൊപ്പമാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ മറ്റൊരു ബൈക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തിൽ ലൈസാമ്മ റോഡിലേക്ക് തെറിച്ച് വീഴുകയും ഗുരുതര പരിക്ക് സംഭവിക്കുകയും ചെയ്തു. പിന്നീട് ഇവരെ അടിമാലി താലൂക്കാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ച്ചയായി കോട്ടയത്ത് ചികിത്സയിൽ കഴിഞ്ഞ് വരികെ ഇന്നലെ രാത്രിയോടെ ലൈസാമ്മ മരണപ്പെടുകയായിരുന്നു. തലക്ക് സംഭവിച്ച പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് വിവരം. അടിമാലി ഇരുന്നൂറേക്കർ കൂട്ടാനിക്കൽ ജോയിയുടെ ഭാര്യയാണ് 59കാരിയായ ലൈസാമ്മ. മൃതദേഹം കോട്ടയത്തു നിന്നും അടിമാലിയിൽ എത്തിച്ച് സംസ്ക്കരിക്കും.