അടിമാലിയിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

അടിമാലി: അടിമാലി കോട്ടപ്പാറയില്‍ വച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അടിമാലി പോലീസിന്റെ പിടിയിലായി. ആനച്ചാല്‍ തട്ടാത്തിമുക്ക് സ്വദേശി ബിബിനാണ് പിടിയിലായത്. വിനോദ സഞ്ചാര മേഖലയായ കോട്ടപ്പാറയില്‍ വച്ച് പരസ്യമായി ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നായിരുന്നു ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പരാതി. ഈ പരാതിയിലാണ് ഒരാള്‍കൂടി അടിമാലി പോലീസിന്റെ പിടിയിലായിട്ടുള്ളത്.
സംഭവത്തില്‍ ഉള്‍പ്പെട്ട മൂലമറ്റം അറക്കുളം സ്വദേശിയായ ജിബിന്‍ ബിജുവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അക്രമ സംഭവത്തില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കായിരുന്നു മര്‍ദ്ദനമേറ്റത്. ഒരാളുടെ കാല് ഒടിയുകയും മറ്റൊരാളുടെ തലക്ക് പരിക്ക് സംഭവിക്കുകയും ചെയ്തു. ഇവര്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.