
അടിമാലി: വാഹനത്തില്‍ കഞ്ചാവ് കടത്തികൊണ്ടു വരുന്നതിനിടെ പോലീസിന്റെ വാഹന പരിശോധനയില്‍പ്പെടുകയും സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്ത പ്രതി കോടതിയില്‍ കീഴടങ്ങി. അടിമാലി ഓടക്കാസിറ്റി സ്വദേശി മനുവാണ് കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ മാര്‍ച്ച് 30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.വാഹനത്തില്‍ കഞ്ചാവ് കടത്തികൊണ്ടു വരുന്നതിനിടെ അടിമാലി ഓടക്കാസിറ്റി സ്വദേശി മനുവും അടിമാലി പത്താംമൈല്‍ സ്വദേശിയായ ജോസഫും കത്തിപ്പാറയില്‍ വച്ച് പോലീസിന്റെ വാഹന പരിശോധനയില്‍പ്പെട്ടു.
പോലീസ് പത്താംമൈല്‍ സ്വദേശി ജോസഫിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മനു സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ഒരു കിലോക്ക് മുകളില്‍ കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും പോലീസ് അന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ സംഭവത്തിലാണ് ഒളിവില്‍ പോയ മനു കോടതിയില്‍ കീഴടങ്ങിയത്. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ അന്വേഷണ നടപടികളുടെ ഭാഗമായി അടിമാലി പോലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി. ഇയാള്‍ മുമ്പും വിവിധ ലഹരി കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.