അടിമാലിയിൽ ഹൈമാസ്റ്റ് ലൈറ്റുകള്‍ പൂര്‍ണ്ണതോതില്‍ പ്രകാശിപ്പിക്കാന്‍ നടപടി വേണം

അടിമാലി: അടിമാലി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ പൂര്‍ണ്ണതോതില്‍ പ്രകാശിപ്പിക്കാന്‍ നടപടി വേണമെന്നാവശ്യം. ബസ് സ്റ്റാന്‍ഡ് പരിസരം, സെന്റര്‍ ജംഗ്ഷന്‍, മാര്‍ക്കറ്റ് ജംഗ്ഷന്‍ തുടങ്ങി ടൗണിന്റെ വിവിധയിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഉയരവിളക്കിന്റെ ഭാഗമായി ഒന്നിലേറെ ലൈറ്റുകള്‍ അവയില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ലൈറ്റുകള്‍ പൂര്‍ണ്ണമായി ഒരേ തോതില്‍ പ്രകാശിക്കുന്നില്ലെന്നാണ് പരാതി. ചില ഉയരവിളക്കുകളില്‍ ഒന്നിലേറെ ലൈറ്റുകള്‍ പ്രകാശിക്കാത്തതായി ഉണ്ട്.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ലൈറ്റുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ആവശ്യം. പകല്‍ സമയത്തെന്ന പോലെ രാത്രികാലത്തും വിനോദസഞ്ചാരികളടക്കം ധാരാളം ആളുകള്‍ വന്നു പോകുന്ന ടൗണാണ് അടിമാലി. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സമീപകാലത്തായി ടൗണില്‍ മോഷണങ്ങളും മോഷണ ശ്രമങ്ങളും വര്‍ധിച്ചിട്ടുള്ള സാഹചര്യവുമുണ്ട്. രാത്രികാലത്ത് നായ്ക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ പൂര്‍ണ്ണതോതില്‍ പ്രകാശിക്കാത്തത് ടൗണില്‍ വേണ്ട വിധം വെളിച്ചക്കുറവിനും ഇടവരുത്തിയിട്ടുള്ളത്