
അടിമാലി: അടിമാലി ടൗണില്‍ ബി എസ് എന്‍ എല്‍ ജംഗ്ഷന് സമീപത്തു നിന്നാരംഭിച്ച് കാംകോ റോഡിലേക്കെത്തുന്ന ബൈപ്പാസ് റോഡിലെ പാലത്തിന് സമീപം സുരക്ഷാവേലി ഒരുക്കി. പാലത്തിന് സമീപം റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയായിരുന്നു യാത്രകാര്‍ക്ക് വിനയായിരുന്നത്. ചെറിയ ഒരു വളവോട് കൂടിയ ഭാഗത്താണ് പാലമുള്ളത്. റോഡിനെ അപേക്ഷിച്ച് പാലത്തിന് വീതി കുറവുണ്ട്. അതു കൊണ്ട് തന്നെ പാലത്തിന്റെ വീതി കുറവും വളവുമറിയാതെ എത്തുന്നവര്‍ റോഡിന്റെ തുറസ്സായ ഭാഗത്തു കൂടി തോട്ടിലേക്ക് പതിക്കാന്‍ സാധ്യത നിലനിന്നിരുന്നു.
ഈ ഭാഗത്താണ് പഞ്ചായത്തിന്റെ ഇടപെടലിലൂടെ സുരക്ഷാ വേലിയൊരുക്കിയിട്ടുള്ളത്. ഈ ഭാഗത്ത് വച്ച് ബൈക്ക് റോഡില്‍ നിന്നും താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മുമ്പ് മരണപ്പെട്ടിരുന്നു. ഇതോടെ ഇവിടെ സുരക്ഷയൊരുക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയും മാധ്യമങ്ങള്‍ ഈ ആവശ്യം നിരന്തരം വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഇതിനൊടുവിലാണിപ്പോള്‍ പ്രദേശത്ത് സുരക്ഷാ വേലിയൊരുങ്ങിയിട്ടുള്ളത്.