മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കി

മൂന്നാര്‍: കോണ്‍ഗ്രസ് പ്രതിനിധിയായ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കി. പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാറിനെതിരെയാണ് 10 കോണ്‍ഗ്രസ് അംഗങ്ങള്‍ ചേര്‍ന്ന് അവിശ്വാസത്തിന് ദേവികുളം ബി ഡി ഒക്ക് കത്ത് നല്‍കിയത്. കോണ്‍ഗ്രസ് പ്രതിനിധിയായ ദീപരാജ് കുമാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റി മറ്റൊരാളെ പ്രസിഡന്റാക്കുന്നതിന്റെ ഭാ ഗമായി ഒരു മാസം മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തിയ ശേഷം വ്യാജമായി തന്റെ ഒപ്പിട്ട് രാജിക്കത്ത് നല്‍കിയെന്നും രാജിക്കത്ത് സ്വീകരിക്കരുതെന്നും കാട്ടി തിരഞ്ഞെടുപ്പു കമ്മിഷന് ദീപ കത്തു നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പു കമ്മിഷന് നടത്തിയ തെളിവെടുപ്പില്‍ പഞ്ചായത്ത് രാജ് നിയമപ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ മുന്പില് വച്ച് രാജിക്കത്തില്‍ ഒപ്പിടണമെന്ന നിബന്ധന പാലിച്ചില്ലെന്നും ദീപയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റായി തുടരാന്‍ ദീപയെ അനുവദിച്ച് ഉത്തരവിട്ടിരുന്നു. ഇതോടെയാണ് പാര്‍ട്ടിയുടെ പ്രതിഛായ വീണ്ടെടുക്കാനായി ദീപയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കാന് തീരുമാനിച്ചത്. 21 അംഗ പഞ്ചായത്തില്‍ കൂറു മാറിയ 2 അംഗങ്ങളെ അയോഗ്യരാക്കിയതോടെ നിലവില്‍ പഞ്ചായത്തില്‍ 19 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 11, എല്‍ഡിഎഫിന് 8 എന്നിങ്ങനെയാണ് പിന്തുണ.