
അടിമാലി: അടിമാലിയില്‍ ഏത്തക്കാ വ്യാപാരം നടത്തുന്ന വ്യാപാരിയുടെ കട ജപ്തി ചെയ്ത കേരള ബാങ്കിന്റെ നടപടിക്ക് തിരിച്ചടി. തൊടുപുഴ സി ജെ എം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അധികൃതര്‍ എത്തി ഇന്ന് വ്യാപാര സ്ഥാപനം തുറന്നു നല്‍കി. അടിമാലി ടൗണില്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്ത് ഏത്തക്കാ മൊത്തവ്യാപാരം നടത്തുന്ന പെരുമ്പാവൂര്‍ സ്വദേശി അക്ബറിനാണ് കോടതി ഉത്തരവ് ആശ്വാസമായിട്ടുള്ളത്. മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ നിന്ന് സ്ഥലം വാടകക്കെടുത്ത് സ്ഥാപനം നിര്‍മ്മിച്ചായിരുന്നു അക്ബര്‍ ഇവിടെ വ്യാപാരം നടത്തിവന്നിരുന്നത്.
അക്ബറിന് ബാങ്കുമായി ഇടപാടില്ലെങ്കിലും മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കുള്ള കുടിശ്ശിഖ ഈടാക്കുന്നതിന് വേണ്ടി ഇക്കഴിഞ്ഞ 10ന് കേരള ബാങ്കധികൃതര്‍ എത്തി സ്ഥാപനം സീല്‍ ചെയ്തു പൂട്ടി. അപ്രതീക്ഷിതമായ നടപടി ഉണ്ടായതോടെ അക്ബര്‍ പ്രതിസന്ധിയിലായി. വിഷു വിപണി മുമ്പില്‍ കണ്ട് എത്തിച്ച ഏത്തക്കുലകളടക്കം സ്ഥാപനത്തില്‍ ഇരിക്കെയായിരുന്നു ബാങ്കിന്റെ നടപടി. പിന്നീട് അക്ബര്‍ കോടതിയെ സമീപിച്ച് സാധനങ്ങള്‍ നീക്കാന്‍ രണ്ട് ദിവസത്തെ സാവകാശം നേടിയെടുത്തിരുന്നു. ഇതിന് പിന്നീലെയാണ് കട ജപ്തി ചെയ്ത കേരള ബാങ്കിന്റെ നടപടിക്ക് തൊടുപുഴ സി ജെ എം കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായിട്ടുള്ളത്.
കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അധികൃതര്‍ എത്തി ഇന്ന് വ്യാപാര സ്ഥാപനം തുറന്നു നല്‍കി. വിഷയത്തില്‍ മുമ്പെ തന്നെ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടെന്നിരിക്കെ സി ജെ എം കോടതിയെ തെറ്റിധരിപ്പിച്ചായിരുന്നു കേരള ബാങ്ക് ജപ്തി നടപടികളുമായി എത്തിയിരുന്നതെന്നും ഇതിനേറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അടിമാലി വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി പറഞ്ഞു.
വ്യാപാരിയെ വെട്ടിലാക്കിയ കേരളാ ബാങ്ക് നടപടിക്കെതിരെ വ്യാപാരി സംഘടനകളില്‍ നിന്നടക്കം അന്ന് വലിയ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ബാങ്കിന് മുമ്പില്‍ സമരവും നടന്നു. ഉണ്ടായിരുന്ന സ്ഥാപനം ബാങ്ക് പൂട്ടിയതോടെ അടിമാലി ടൗണില്‍ തന്നെ മറ്റൊരു താല്‍ക്കാലിക സംവിധാനമൊരുക്കിയായിരുന്നു അക്ബര്‍ തന്റെ കച്ചവടം തുടര്‍ന്ന് പോന്നിരുന്നത്.