KeralaLatest News

കൈക്കൂലി കേസ്; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ എ സ്വപ്നയെ സസ്‌പെൻഡ് ചെയ്തു

കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സസ്‌പെൻഡ് ചെയ്തു. കൊച്ചി മേയറാണ് സ്വപ്നയെ സസ്‌പെൻഡ് ചെയ്‌ത്‌ കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. നിലവിൽ സ്വപ്ന 14 ദിവസത്തേക്ക് റിമാൻഡിലാണ്. ഇന്നലെ തൃശൂരിലുള്ള വിജിലൻസ് സ്പെഷ്യൽ ജഡ്ജ് ജി അനിലിന് മുന്നിൽ ഇവരെ ഹാജരാക്കിയിരുന്നു.

ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് വിജിലൻസ് അന്വേഷിക്കും. വൈറ്റിലയിലെ കോർപ്പറേഷൻ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് രേഖകൾ പിടിച്ചെടുത്തിരുന്നു. മുൻപ് നൽകിയ ബിൽഡിംഗ് പെർമിറ്റുകളുടെ രേഖകളിലും വിജിലൻസ് പരിശോധന നടത്തും.

വൈറ്റിലയിലെ കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസിലെ എൻജിനീയറിങ് ആൻഡ് ടൗൺ പ്ലാനിങ് വിഭാഗത്തിൽ വിജിലൻസ് സി ഐ ഫിറോസിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്.സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലൻസ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

ബുധനാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന നാടകീയമായി വിജിലൻസിന്റെ പിടിയിലായത്. തൃശ്ശൂർ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടിയത്. മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകൾക്കു നമ്പറിട്ടു നൽകാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും നമ്പർ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്ന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!