കര്‍ഷക മഹാ പഞ്ചായത്ത് നാളെ മുതല്‍ രണ്ട് ദിവസങ്ങളിലായി മൂവാറ്റുപുഴയില്‍ നടക്കും

അടിമാലി: സംസ്ഥാനത്തെ വന്യജീവി വിഷയത്തിലും ഭൂപ്രശ്നങ്ങളിലും പരിഹാരം ആവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘടനകള്‍ നടത്തുന്ന കര്‍ഷക മഹാ പഞ്ചായത്ത് നാളെ മുതല്‍ രണ്ട് ദിവസങ്ങളിലായി മൂവാറ്റുപുഴയില്‍ നടക്കും. ഇടുക്കി ജില്ലയിലെ അടക്കം സംസ്ഥാനത്തെ ഭൂ പ്രശ്നങ്ങളിലും വന്യജീവി ആക്രമണങ്ങളിലും പ്രശ്ന പരിഹാരം ആവശ്യപ്പെട്ടാണ് സ്വതന്ത്ര കര്‍ഷക സംഘടനകള്‍ മഹാ പഞ്ചായത്തിന് രൂപം നല്‍കിയിട്ടുള്ളത്. നാളെ മുതല്‍ രണ്ട് ദിവസങ്ങളിലായി മൂവാറ്റുപുഴയില്‍ മഹാ പഞ്ചായത്ത് നടക്കും.
ഇടുക്കി ജില്ലയില്‍ നിന്നും വിവിധ സംഘടനാ നേതാക്കള്‍ കര്‍ഷക മഹാപഞ്ചായത്തിന്റെ ഭാഗമാകും. പ്രാദേശിക സ്വതന്ത്ര സംഘടനകള്‍ ഉള്‍പ്പെടെ നൂറോളം കര്‍ഷക സംഘടനകള്‍ മഹാ പഞ്ചായത്തില്‍ പങ്കെടുക്കും. കടലോര മേഖലയില്‍ സി ആര് ഇസഡിനെതിരെ ശബ്ദമുയര്‍ത്തുന്ന സംഘടനകളും മഹാപഞ്ചായത്തിന്റെ ഭാഗമാകും. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന മഹാ പഞ്ചായത്തില്‍ ശാസ്ത്ര സാങ്കേതിക വിദഗ്തരും ദേശീയ നേതാക്കളും വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കൊപ്പം പരിസ്ഥിതി വിഷയങ്ങളും സാമ്പത്തിക വിഷയങ്ങളും മഹാപഞ്ചായത്തില്‍ ചര്‍ച്ച ചെയ്യും.
മഹാ പഞ്ചായത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന നിലപാടുകളും പ്രശ്നപരിഹാരങ്ങളും കര്‍ഷക സംഘടനങ്ങള്‍ വിവിധ രാഷ്ട്രീയ നേതൃത്വത്തിന് സമര്‍പ്പിക്കും. രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലാകും വരുന്ന നിയമ സഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കര്‍ഷക സംഘടനകള്‍ നിലപാട് സ്വീകരിക്കുകയെന്നാണ് സൂചന.