
മൂന്നാര്‍: മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ എം മണിമൊഴിയെ തിരഞ്ഞെടുത്തു.ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി. തുടര്‍ച്ചയായി രാഷ്ട്രീയ സംഭവ വികാസങ്ങളും മാറ്റങ്ങളും നടക്കുന്ന പഞ്ചായത്താണ് മൂന്നാര്‍ പഞ്ചായത്ത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം മൂന്നാര്‍ പഞ്ചായത്തില്‍ അഞ്ചാമത്തെ പ്രസിഡന്റ് ഇന്ന് ചുമതലയേറ്റു. പഞ്ചായത്തിലെ ചൊക്കനാട് ഉള്‍പ്പെടുന്ന പന്ത്രണ്ടാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് മണിമൊഴി.
പഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമം നടത്തുമെന്ന് ചുമതലയേറ്റ ശേഷം മണിമൊഴി പറഞ്ഞു. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 11 അംഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസിനും 8 അംഗങ്ങളുടെ പിന്തുണ എല്‍ ഡി എഫിനും ലഭിച്ചു. ഏഴാം വാര്‍ഡില്‍ നിന്നുള്ള ജ്യോതി സതീഷ് കുമാറായിരുന്നു എല്‍ ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പില്‍ താലൂക്ക് സ്ഥിതി വിവര കണക്ക് ഓഫിസര്‍ കെ.കെ.ഷിജിന് മുഖ്യ വരണാധികാരിയായി. മുമ്പ് പ്രസിഡന്റായിരുന്ന ദീപ രാജ്കുമാര്, മറ്റൊരംഗത്തിന് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ 28ന് രാജിവച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് പഞ്ചായത്തില്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 21 അംഗങ്ങളില്‍ കൂറുമാറിയ 2 അംഗങ്ങളെ അയോഗ്യരാക്കിയതോടെ നിലവില്‍ പഞ്ചായത്തില്‍ 19 അംഗങ്ങളാണുള്ളത്.