
അടിമാലി: പുതിയ അധ്യായന വര്‍ഷമാരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പുതിയ കലാലയ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങളാരംഭിച്ചതോടെ സ്കൂള്‍ വിപണിയും സജീവമായി. കുടകള്‍, ബാഗുകള്‍, മഴക്കോട്ടുകള്, നോട്ടുബുക്കുകള്‍, മറ്റ് പഠനോപകരണങ്ങളൊക്കെയും വിപണി കീഴടക്കി കഴിഞ്ഞു. കുടകളിലും ബാഗുകളിലുമാണ് കുട്ടികളെ ആകര്‍ഷിക്കാന്‍ ഇത്തവണയും നിര്‍മ്മാതാക്കള്‍ വ്യത്യസ്തത പരീക്ഷിച്ചിട്ടുള്ളത്.
നോട്ടു ബുക്കുകള്ക്കടക്കം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിപണിയില്‍ കാര്യമായ വില വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വസ്ത്ര വ്യാപാര ശാലകളിലും ചെരുപ്പു കടകളിലും സ്കൂള്‍ വിപണി സജീവമായതോടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. തയ്യല്‍ക്കടകളും സജീവമാണ്. വരുന്ന ആഴ്ച്ചകളിലും സ്കൂള്‍ വിപണിയിലെ ഈ തിരക്ക് തുടര്‍ന്നേക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. സ്കൂള്‍ തുറക്കുന്ന ദിവസമടുക്കുന്നതോടെ തിരക്കിനിയും വര്‍ധിച്ചേക്കുമെന്നും വ്യാപാരികള്‍ കണക്ക് കൂട്ടുന്നു.
ഒരു കുട്ടിക്ക് വേണ്ടുന്ന പഠനോപകരണങ്ങളത്രയും കിറ്റാക്കി നിശ്ചിത വിലക്ക് വില്‍പ്പന നടത്തുന്ന രീതിയും ഇത്തവണത്തെ സ്കൂള്‍ വിപണിയില്‍ ട്രെന്റായി മാറിയിട്ടുണ്ട്.