
സുപ്രിംകോടതിയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദൗപതി മുര്‍മു സത്യ വാചകം ചൊല്ലികൊടുത്തു.ദളിത് വിഭാഗത്തില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് മഹാരാഷ്ട്ര അമരാവതി സ്വദേശിയായ ബി ആര്‍ ഗവായ്.കേരള മുന്‍ ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായ്‌യുടെ മകനാണ് ബി.ആര്‍ ഗവായ്.

ബുള്‍ഡോസര്‍ രാജിനെതിരായ വിധി, ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി തുടങ്ങി നിരവധി സുപ്രധാനമായ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് ഭൂഷണന്‍ രാമകൃഷ്ണ ഗവായ് എന്ന ബി ആര്‍ ഗവായ്. ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുശേഷം ദളിത് വിഭാഗത്തില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തി. 2010-ല്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ വിരമിച്ചതിനുശേഷം ആദ്യമായി സുപ്രീം കോടതി ജഡ്ജിയാകുന്ന വ്യക്തിയുമാണ് ഗവായ്. 1960 നവംബര്‍ 24-ന് മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ബി ആര്‍ ഗവായിയുടെ ജനനം. കേരളത്തിലും ബീഹാറിലും സിക്കിമിലും ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായ് യുടെ മകന്‍ കൂടിയാണ് ബി ആര്‍ ഗവായ്.

1985ല്‍ ഇരുപത്തഞ്ചാം വയസ്സില്‍ ബോംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായ ഗവായ് പിന്നീട് നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2000 ല്‍ നാഗ്പൂര്‍ ബെഞ്ചിലെ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2003 ല്‍ ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി. 2005ല്‍ ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജി. 16 വര്‍ഷക്കാലത്തോളം ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ബി ആര്‍ ഗവായ് 2019-ലാണ് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത്. ഭരണഘടനാ നിയമം, ഭരണ നിയമം എന്നിവയില്‍ ഗവായ് പ്രാവീണ്യം നേടിയിട്ടുണ്ട്.