റോഡരികിലേക്കിടിഞ്ഞെത്തിയ മണ്ണ് നീക്കുന്ന നടപടി ഉടന്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തം

മൂന്നാര്‍: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ദേവികുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് സമീപം കഴിഞ്ഞ മഴക്കാലത്ത് റോഡരികിലേക്കിടിഞ്ഞെത്തിയ മണ്ണ് നീക്കുന്ന നടപടി ഉടന്‍ ഉണ്ടാകണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. പാതയോരത്തു നിന്നും വലിയ തോതില്‍ മണ്ണും ഒപ്പം മരങ്ങളും റോഡിലേക്ക് ഇടിഞ്ഞ് ചാടുകയായിരുന്നു. പാതയോരത്തേക്കാണ് മണ്ണ് ഇടിഞ്ഞെത്തിയത് എന്നതിനാല്‍ ഗതാഗത തടസ്സമുണ്ടായില്ല. പക്ഷെ മാസങ്ങള്‍ പിന്നിട്ട് അടുത്ത മഴക്കാലം തൊട്ടരികില്‍ എത്തിയിട്ടും ഈ മണ്ണിവിടെ നിന്നും നീക്കം ചെയ്തിട്ടില്ല. ഇതോടെയാണ് റോഡരികിലേക്കിടിഞ്ഞെത്തിയ മണ്ണ് നീക്കുന്ന നടപടി ഉടന്‍ ഉണ്ടാകണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുള്ളത്.
മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് റോഡിന് താഴ്ഭാഗത്തായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഈ കുടുംബങ്ങളോട് വേണ്ടി വന്നാല്‍ സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായതിന് മുകള്‍ ഭാഗത്ത് വിള്ളല്‍ സംഭവിച്ചതും കഴിഞ്ഞ മഴക്കാലത്ത് ആശങ്ക വര്‍ധിപ്പിച്ചു. മഴക്ക് മുമ്പ് മണ്ണ് നീക്കാതെ വന്നാല്‍ റോഡിലാകെ മണ്ണ് ഒഴുകി പരക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത് ഗതാഗതം ദുഷ്‌ക്കരമാക്കും .മാത്രവുമല്ല മണ്ണ് നീക്കാതെ വന്നാല്‍ മഴ പെയ്യുന്നതോടെ ഈ ഭാഗത്ത് റോഡിന് കൂടുതല്‍ മര്‍ദ്ദം താങ്ങേണ്ടതായും വരും.