
മൂന്നാര്‍: കാടിറങ്ങുന്ന കാട്ടാനകള്‍ ആശങ്ക മാത്രമല്ല ചിലപ്പൊഴെങ്കിലും കണ്ണുകള്‍ക്ക് കൗതുക കാഴ്ച്ചയും നല്‍കാറുണ്ട്. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ മാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രൊജക്റ്റിന് സമീപം പുല്‍മേടുകളില്‍ മേയുന്ന കാട്ടാന കൂട്ടങ്ങള്‍ ഇത്തരത്തില്‍ സഞ്ചാരികള്‍ക്ക് കൗതുകം സമ്മാനിക്കുന്ന കാഴ്ച്ചയാണ്. ചിലപ്പോള്‍ ഒറ്റക്കും ചിലപ്പോള്‍ കുഞ്ഞുങ്ങളടക്കം കൂട്ടമായുമൊക്കെ ഇവിടെ കാട്ടാനകള്‍ തീറ്റതേടിയും വിശ്രമിച്ചുമൊക്കെ നടക്കാറുണ്ട്.
മഴ പെയ്തതോടെ ഇവിടുത്തെ മൊട്ടകുന്നുകള്‍ ഇളംപുല്ലുകള്‍ കിളിര്‍ത്ത് ആനകള്‍ക്ക് തീറ്റ വേണ്ടുവോളം നല്‍കുന്നുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ഒട്ടുമിക്കപ്പോഴും ഇതുവഴി കടന്നു പോകുന്നവര്‍ക്ക് കാട്ടാനകള്‍ മേയുന്ന കൗതുക കാഴ്ച്ച കാണാം. ആനച്ചന്തം മതിവരുവോളം കണ്ടും ചിത്രങ്ങള്‍ പകര്‍ത്തിയും മാത്രമെ സഞ്ചാരികള്‍ യാത്ര തുടരാറൊള്ളു.
മാട്ടുപ്പെട്ടി അണക്കെട്ടിന്റെ തീരത്ത് തീറ്റതേടി നടക്കുന്ന കാട്ടാനകളുടെ കാഴ്ച്ചയും സഞ്ചാരികളെ രസിപ്പിക്കുന്നതാണ്. ഇടക്കൊക്കെ ജലാശയത്തില്‍ ഇറങ്ങി നീരാട്ട് നടത്തുന്ന കാട്ടാന കൂട്ടങ്ങളേയും സഞ്ചാരികള്‍ കണാറുണ്ട്.