
കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ മുങ്ങിയതിന് പിന്നാലെ യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. രാവിലെ 11.30 ക്കാണ് യോഗം. MSC ELSA 3 എന്ന കപ്പലാണ് മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളും മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്.
കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ കൊച്ചി ആലപ്പുഴ തീരങ്ങളിൽ എത്തുമെനന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്നറുകൾ എത്താൻ സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടെയ്നർ തീരത്ത് എത്തിയേക്കാൻ സാധ്യതയുണ്ട്. ഡിഫൻസ് പിആർഒ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നാണ് അറിയിക്കുന്നത്. കണ്ടെയ്നറുകൾ മറ്റൊരു കപ്പലിലേക്ക് മാറ്റി തീരത്തേക്ക് അടുപ്പിക്കാനായിരുന്നു പദ്ധതി.
കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു. തീരങ്ങളിൽ കണ്ടെയ്നറുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തീരദേശത്തെ ജാഗ്രതാ മുന്നറിയിപ്പിൽ മാറ്റമില്ല. കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കണ്ടെയ്നറുകളിൽ നിന്ന് ലീക്കായ ഓയിൽ ഏത് ഭാഗത്തേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരങ്ങളിൽ ഓയിൽ എത്താൻ സാധ്യതയുണ്ടെന്നാണ് നിഗമനം.