മൂന്നാര്‍ ടൗണില്‍ ഭീതി പരത്തി തെരുവ് നായ; വിനോദ സഞ്ചാരികള്‍ക്കടക്കം കടിയേറ്റു

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ ഭീതി പരത്തി തെരുവ് നായ. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ടൗണില്‍ തെരുവ് നായയുടെ കടിയേറ്റു. മൂന്നാര്‍ ടൗണില്‍ അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കള്‍ നിരവധിയുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം കടിയേല്‍ക്കാതെ ഈ നായ്ക്കള്‍ക്കിടയിലൂടെ വേണം യാത്ര ചെയ്യാന്‍.ടൗണില്‍ തെരുവ് നായ ശല്യം വര്‍ധിക്കുന്നുവെന്ന പരാതി നിലനില്‍ക്കെയാണ് ഇന്ന് വിനോദസഞ്ചാരികള്‍ക്കുള്‍പ്പെടെ മൂന്നാര്‍ ടൗണില്‍ വച്ച് തെരുവ് നായയുടെ കടിയേറ്റത്. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് ഇവരെ നായ ആക്രമിച്ചത്.
ഒരേ നായയാണ് എല്ലാവരേയും ആക്രമിച്ചതെന്നും കടിച്ച നായയുടെ പിടി വിടുവാന്‍ ഏറെ കഷ്ടപ്പെട്ടെന്നും നായയുടെ ആക്രമണത്തിന് ഇരയായവര്‍ പറഞ്ഞു. നായയുടെ കടിയേറ്റവര്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ക്ക് പേ വിഷ പ്രതിരോധത്തിനായുള്ള വാക്‌സിന്‍ ലഭ്യമാക്കി. മൂന്നാര്‍ ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
വിനോദ സഞ്ചാരികളടക്കം തെരുവ് നായക്കളെ ഭയന്നാണ് ടൗണിലൂടെ സഞ്ചരിക്കുന്നത്. ക്രമേണ നായ്ക്കളുടെ എണ്ണം വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിട്ടും മൂന്നാര്‍ ടൗണിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാത്തത് ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതര വിഴ്ച്ചയാണ്