മഴ പെയ്തിട്ടും കാട്ടാനകള്‍ കാടിറങ്ങുന്നത് മൂന്നാറില്‍ തൊഴിലാളി കുടുംബങ്ങളെ വലക്കുന്നു

മൂന്നാര്‍: വേനല്‍മഴ പെയ്യുകയും വനത്തില്‍ തീറ്റയും വെള്ളവും ലഭിക്കുകയും ചെയ്തിട്ടും മൂന്നാര്‍ മേഖലയില്‍ കാട്ടാനകള്‍ കാടിറങ്ങുന്നത് തൊഴിലാളി കുടുംബങ്ങളെ വലക്കുന്നു. വേനല്‍ മഴ പെയ്ത് വനത്തില്‍ തീറ്റയും വെള്ളവും ലഭിക്കുന്നതോടെ മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം കുറയുമെന്നായിരുന്നു തൊഴിലാളി കുടുംബങ്ങളുടെ പ്രതീക്ഷ. പക്ഷെ മഴക്കാലമെത്തിയിട്ടും കാട്ടാനകള്‍ കാട് കയറാന്‍ തയ്യാറായിട്ടില്ല.
നല്ലതണ്ണി ഐ റ്റി ഡിയിലാണ് കഴിഞ്ഞ ദിവസം വിരികൊമ്പനെന്ന് വിളിക്കുന്ന കാട്ടാനയെത്തിയത്. ആന പ്രദേശത്ത് കൃഷി നാശം വരുത്തി. നല്ലതണ്ണി കല്ലാര്‍ മാലിന്യ പ്ലാന്റിന് സമീപമുള്ള പ്രദേശമാണിവിടം. ഈ മേഖലയില്‍ ഒറ്റകൊമ്പനടക്കം വേറെയും കാട്ടാനകള്‍ തമ്പടിച്ച് ചുറ്റിത്തിരിയുന്നുണ്ട്. ഇതും ആളുകളില്‍ ആശങ്കയാണ്. വനത്തില്‍ തീറ്റയും വെള്ളവും ലഭിച്ച് തുടങ്ങിയിട്ടും കാട് കയറാത്ത കാട്ടാനകളെ വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമാണ്.
കാല വര്‍ഷത്തിനൊപ്പം കാട്ടാന ശല്യം കൂടി രൂക്ഷമായാല്‍ ജീവിതം ദുസഹമാകുമെന്ന് തൊഴിലാളി കുടുംബങ്ങള്‍ പറയുന്നു. കാട്ടാനകള്‍ക്ക് പുറമെ പുലിയുടെയും കടുവയുടെയുമെല്ലാം സാന്നിധ്യവും തോട്ടം മേഖലയില്‍ കുടുംബങ്ങളുടെ ജീവിതം ദുസഹമാക്കുന്നുണ്ട്.