പെരുമഴക്കാലം; ഇടുക്കി ഉൾപ്പെടെ യുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് മഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. നാളെ 11 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ട്. മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
അതിശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലും മരം കടപുഴകി വീണ് വീടുകൾ തകർന്നു. മണ്ണിടിച്ചിൽ മൂലം ദേശീയപാതകളിലുൾപ്പെടെ ഗതാഗത നിയന്ത്രണങ്ങളുണ്ട്. കൊച്ചി, പൊന്നാനി തീരങ്ങളിൽ കടൽക്ഷോഭം ശക്തമാണ്.ശക്തമായ കാറ്റിനൊപ്പം മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. മഴ കനക്കുന്ന സാഹചര്യത്തിൽ ജില്ലകളിൽ കൺട്രോൾ റൂം തുറന്നു.