
അടിമാലി; ശക്തമായ കാറ്റിലും മഴയിലും വരുമാനമാര്‍ഗ്ഗമായി മുമ്പില്‍ കണ്ടിരുന്ന രണ്ടായിരത്തോളം ഏത്തവാഴകള്‍ നിലംപതിച്ചതിന്റെ നിരാശയിലാണ് അടിമാലി അമ്പലപ്പടിയില്‍ ഏത്തവാഴ കൃഷിയിറക്കിയിരുന്ന നാല് കര്‍ഷകര്‍. അടിമാലി, കത്തിപ്പാറ, മച്ചിപ്ലാവ് സ്വദേശികളായ ബാബു, പോള്‍, ബെന്നി, വില്‍സണ്‍ എന്നിവര്‍ അടിമാലി അമ്പലപ്പടിയിലായിരുന്നു ഏത്തവാഴ കൃഷി ചെയ്ത് പോന്നിരുന്നത്. നാല് പേര്‍ക്കും കൂടി ആകെ ഇവിടെ നാലായിരത്തോളം ഏത്തവാഴകളും ഉണ്ട്. ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നിലംപതിച്ചു.
രണ്ടായിരത്തോളം ഏത്തവാഴകള്‍ നശിച്ചതായും രണ്ടാഴ്ച്ചകൂടി പിന്നിട്ടാല്‍ മൂപ്പെത്തുമായിരുന്ന ഏത്തവാഴക്കുലകളാണ് കാറ്റിലും മഴയിലും നിലംപൊത്തിയതെന്നും കര്‍ഷകര്‍ പറഞ്ഞു. സര്‍ക്കാര്‍ തങ്ങളുടെ കൃഷിനാശത്തിനര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഏത്തവാഴയൊന്നിന് 350 രൂപക്കടുത്ത് കര്‍ഷകര്‍ക്കിതുവരെ പരിപാലനത്തിനായി ചിലവായിട്ടുണ്ട്.
ആകെ പത്ത് ലക്ഷത്തിലധികം രൂപ കൃഷിക്കായി ചിലവഴിച്ചു. പലിശക്ക് കടമെടുത്തും മറ്റുമാണ് പാട്ടകൃഷിയായി ഇവര്‍ ഏത്തവാഴ നട്ടിരുന്നത് .വൈകാതെ വിളവെടുക്കാമെന്നും വായ്പ്പാ തുകയടക്കം തിരികെ നല്‍കാമെന്നുമായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍ നിനച്ചിരിക്കാതെ നേരത്തെയെത്തിയ പെരുംമഴ പ്രതീക്ഷകളത്രയും തകര്‍ത്തു. സര്‍ക്കാരില്‍ നിന്നും അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ അടുത്ത കൃഷിക്ക് തങ്ങള്‍ക്കാവതില്ലെന്നും ഈ കര്‍ഷകര്‍ പറയുന്നു.