
അടിമാലി: ഓരില്‍ നിന്ന് വരുന്ന ഉപ്പുരസമുള്ള വെള്ളം കുടിക്കാനായാണ് കാട്ടനകള്‍ കൂട്ടമായി മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്തെത്തുന്നത്. ഈ കൗതുക കാഴ്ച കാണാമെന്ന പ്രതീക്ഷയോടെ ഇവിടേക്ക് നിരവധി സഞ്ചാരികളുമെത്തുന്നുണ്ട്. എന്നാല്‍, പലപ്പോഴും സഞ്ചാരികള്‍ എത്തുമ്പോള്‍ ആനകളുടെ പൊടിപോലും കാണാറില്ല. ഇതിന് പരിഹാരമെന്നോണം ‘ആനക്കുളം എലഫന്റ് ഓര്’ എന്ന പേരില്‍ ഒരു ടെലഗ്രാം ചാനല്‍ തുടങ്ങിയിരിക്കുകയാണ് വനംവകുപ്പ്. ആനക്കുളത്ത് ആനക്കൂട്ടം വെള്ളം കുടിക്കാന്‍ എത്തുന്ന സമയത്ത് തന്നെ തത്സമയ ദൃശ്യങ്ങള്‍ സഹിതം സഞ്ചാരികള്‍ക്ക് അറിയിപ്പ് നല്‍കാനാണ് ചാനല്‍ സജ്ജമാക്കിയിരിക്കുന്നത്.
കാട്ടാനകളെ കാണുവാന്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഇതുകൊണ്ട് വനം വകുപ്പ് ഉദ്ദേശിക്കുന്നത്. ചാനലില്‍ കയറി ആനയുണ്ടോ എന്ന് ബോധ്യപ്പെട്ടതിനു ശേഷം മൂന്നാര്‍ പോലുള്ള മേഖലയില്‍ നിന്നും സഞ്ചാരികള്‍ക്ക് ഇവിടെയെത്തി ആനക്കൂട്ടത്തെ കണ്ട് തിരിച്ചുപോകുവാന്‍ കഴിയും. മുമ്പ് കിലോമീറ്റര്‍ സഞ്ചരിച്ച് ഇവിടെയെത്തി ആനകളെ കാണാതെ നിരാശരായി സഞ്ചാരികള്‍ മടങ്ങിയിരുന്നു. പുതിയ സംവിധാനം ഇതിനൊരു പരിഹാരമാണ്. ഇതുവരെ ആനക്കുളത്ത് ആനയുണ്ടോ എന്ന് ഇവിടത്തെ ഓട്ടോറിക്ഷക്കാരോടും കച്ചവടക്കാരോടും ഫോണില്‍ ബന്ധപ്പെട്ടതിനുശേഷം ആണ് സഞ്ചാരികളെയുമായി ജീപ്പ് ഡ്രൈവര്‍മാര്‍ എത്തിയിരുന്നത്.
മാങ്കുളം ഫോറസ്റ്റ് ഡിവിഷനാണ് ടെലഗ്രാം ചാനല്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ ഒരു കൂട്ടം അധ്യാപകനാണ് ഈ സംവിധാനം ഇവിടെ ഒരുക്കുന്നതിന് നേതൃത്വം നല്‍കിയത്.

എങ്ങനെ ചേരാം?
ടെലഗ്രാം ആപ്പ് ഫോണില്‍ ഉണ്ടായിരിക്കണം. ചാനലില്‍ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ചേരുന്നതിനായി ഒരു ക്യു.ആര്‍. കോഡ് വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇത് ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ ‘ആനക്കുളം എലഫന്റ് ഓര്’ എന്ന ചാനലിന്റെ ലിങ്ക് തുറന്നു വരും. ഇതില്‍ കയറി ‘സ്റ്റാര്‍ട്ട്’ മെനുവില്‍ ക്ലിക്ക് ചെയ്യണം. ‘NOWA’ എന്ന് ടൈപ്പ് ചെയ്ത് സെന്റ് ചെയ്യണം. ഇതോടെ ചാനലിലൂടെ പ്രദേശത്തെ തത്സമയ വീഡിയോ കിട്ടിത്തുടങ്ങും. അവിടെ ആനയുണ്ടോ ഇല്ലയോ എന്ന് അറിയാന്‍ കഴിയും. ദൃശ്യം വേണ്ട സമയത്തെല്ലാം ‘NOWA’ എന്ന് ടെപ്പ് ചെയ്ത് സെന്റ് ചെയ്യണം.

ആനക്കൂട്ടത്തിന്റെ സ്വന്തം വെള്ളം
ആനക്കുളം ഇടുക്കിയുടെ ടൂറിസം മാപ്പിലെ പ്രധാന സ്ഥലമാണ്. പുഴയിലുള്ള ഉപ്പു രസമുള്ള വെള്ളം കാട്ടാനകള്‍ക്ക് പ്രിയമാണ്. വേനല്‍ക്കാലം ആയതോടെ ദിവസവും നിരവധി കാട്ടാനകളാണ് ആനക്കുളം പുഴയില്‍ വെള്ളം കുടിക്കാന്‍ എത്തുന്നത്. വെള്ളം കുടിക്കാന്‍ ആന എത്തിയാല്‍ നാലും അഞ്ചും മണിക്കൂര്‍ കഴിഞ്ഞതിനുശേഷമാണ് പുഴയില്‍ നിന്നും ആനക്കൂട്ടങ്ങള്‍ കയറി പോവുക.