
മൂന്നാര്‍: വീണ്ടും വാഹനത്തിന് നേരെ പരാക്രമം നടത്തി കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാര്‍ ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയിലെ ഒമ്പതാം മൈലിന് സമീപമാണ് കാട്ടുകൊമ്പന്‍ പടയപ്പ ഇന്നലെ രാത്രിയില്‍ ഗതാഗത തടസ്സം തീര്‍ത്തത്. നിറയെ യാത്രക്കാരുമായി ഉദുമല്‍പ്പെട്ടയിലേക്ക് പോയ തമിഴ്‌നാട് ബസിന് നേരെയായിരുന്നു കാട്ടുകൊമ്പന്റെ പരാക്രമം. വാഹനത്തിന് മുമ്പില്‍ അരമണിക്കൂറോളം സമയം നിലയുറപ്പിച്ച ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്.
കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി അന്തര്‍ സംസ്ഥാന പാതയില്‍ നിലയുറപ്പിച്ച പടയപ്പ മൂന്നാം തവണയാണ് വാഹനങ്ങള്‍ക്ക് നേരെ പരാക്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം നയമക്കാടിന് സമീപം സിമന്റ് കയറ്റി വന്ന ലോറി തടഞ്ഞ് പടയപ്പ ആക്രമണം നടത്തിയിരുന്നു.

അന്ന് തന്നെ ഒരു കാറിന് നേരെയും ഇരുചക്ര വാഹനത്തിന് നേരെയും പടയപ്പയുടെ ആക്രമണം ഉണ്ടായി. ആക്രമണ സ്വഭാവം കാണിക്കുന്ന പടയപ്പ മദപ്പാടിലാകമെന്നാണ് വിലയിരുത്തല്‍.