
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് വിശപ്പുരഹിത പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പരിധിയില്‍ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെയാണ് അടിമാലി ഗ്രാമപഞ്ചായത്ത് വിശപ്പുരഹിത പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി തുടങ്ങിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി അടിമാലി താലൂക്കാശുപത്രി പരിസരത്ത് സൗജന്യ ഫുഡ് കൗണ്ടര്‍ സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. പദ്ധതിക്ക് പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
പെട്ടന്ന് കേടാകാത്തതും അഴുകാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ ഫുഡ് കൗണ്ടറില്‍ എത്തിച്ച് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാവുന്നതാണ്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, താലൂക്കാശുപത്രി അധികൃതര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.