പാതയോരമിടിഞ്ഞ കരടിപ്പാറ ഭാഗത്ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നു

ഇത്തവണ മഴ കനത്ത ശേഷം ഏറ്റവും അധികം മരങ്ങള്‍ നിലംപതിച്ചതും മണ്ണിടിച്ചില്‍ ഉണ്ടായതുമായ ഇടങ്ങളില്‍ ഒന്നാണ് ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗം. കനത്ത മഴയില്‍ പാതയോരമിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട കരടിപ്പാറ ഭാഗത്ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള നിര്‍മ്മാണ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് മണ്ണിട്ട് നികത്തി റോഡ് ബലപ്പെടുത്തേണ്ടതായി ഉണ്ട്. റോഡിടിഞ്ഞതോടെ ദേശിയപാതയില്‍ കരടിപ്പാറ വഴിയുള്ള യാത്രക്ക് നിരോധനമുണ്ട്.
ഇരുട്ടുകാനം ആനച്ചാല്‍ രണ്ടാംമൈല്‍ വഴിയാണ് ഗതാഗതം വഴി തിരിച്ച് വിട്ടിട്ടുള്ളത്.ദേശിയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചത് കല്ലാറിനും രണ്ടാംമൈലിനും ഇടയിലുള്ള ആളുകള്‍ക്ക് യാത്രാ ക്ലേശത്തിന് ഇടവരുത്തിയിട്ടുണ്ട്.
മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശിയപാതയില്‍ നേര്യമംഗലം വനമേഖലയിലൂടെയുള്ള രാത്രി യാത്രക്കും ഈ മാസം 30 വരെ നിയന്ത്രണമുണ്ട്. മഴക്കാലമാരംഭിച്ചതോടെ ദേശിയപാതയില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെ മരം വീഴ്ച്ചയും മണ്ണിടിച്ചിലും രൂക്ഷമാണ്. നവീകരണജോലികളുടെ ഭാഗമായി മണ്ണ് നീക്കിയതാണ് മണ്ണിടിച്ചിലിനും അടക്കടിയുള്ള മരം വീഴ്ച്ചക്കും കാരണം. സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനായി മണ്ണ് നീക്കിയ ഇടങ്ങളില്‍ മഴക്കു മുമ്പെ ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതും ഓടയുടെ നിര്‍മ്മാണത്തിന് പലയിടത്തും അശാസ്ത്രീയമായി മണ്ണ് നീക്കിയതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതായി പറയപ്പെടുന്നു.മണ്ണ് നീക്കിയതോടെ രൂപം കൊണ്ട മണ്‍തിട്ടകള്‍ക്ക് മുകളിലുള്ള വീടുകള്‍ പലതും അപകടാവസ്ഥയിലാണ്.