കോട്ടയം നഗരത്തിലെ ലോട്ടറി തട്ടിപ്പ്; ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ലോട്ടറി തട്ടിയെടുത്ത കേസിൽ ഇടുക്കി സ്വദേശി പിടിയിൽ; പ്രതിയെ പിടികൂടിയത് എറണാകുളത്തു നിന്നും

കോട്ടയം: നഗരമധ്യത്തിലെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ലോട്ടറി തട്ടിയെടുത്ത കേസിൽ ഇടുക്കി സ്വദേശിയെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്ത് കോട്ടയം വെസ്റ്റ് പൊലീസ്. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ മാത്രം തെളിവായുണ്ടായിരുന്ന കേസിലാണ് ഇപ്പോൾ വെസ്റ്റ് പൊലീസിന്റെ അന്വേഷണ മികവ് പ്രതിയിലേയ്ക്ക് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി ശാന്തമ്പാറ കൊടേക്കനാൽ വീട്ടിൽ ബിജുവിനെയാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സാധാരണക്കാരായ ലോട്ടറി വിൽപ്പനക്കാരുടെ ലോട്ടറി തട്ടിയെടുത്ത കേസിലെ പ്രതിയെ ദിവസങ്ങൾക്കം പിടികൂടിയ കോട്ടയം വെസ്റ്റ് പൊലീസിന്റെ അന്വേഷണ മികവിന് കയ്യടിയ്ക്കുകയാണ് നാട്ടുകാർ.
സെപ്റ്റംബർ 18നും 22 നുമായാണ് കോട്ടയം നഗരമധ്യത്തിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ പ്രതിയായ ബിജു തട്ടിയെടുത്തത്. 18 ന് വൈകിട്ട് ആറയോടെയാണ് കോട്ടയം സെൻട്രൽ ജംഗ്ഷനിൽ അഞ്ജലി പാർക്ക് ഹോട്ടലിനു മുന്നിലെ ഫുട്പാത്തിൽ ലോട്ടറി വിൽക്കുകയായിരുന്ന അംഗപരിമിതനായ ആന്ധ്ര ചിറ്റൂർ സ്വദേശി അയൂബിന്റെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയത്. ഓണം ബമ്പറിന്റെ പത്ത് ലോട്ടറി ടിക്കറ്റുകളാണ് ഇയാളുടെ പക്കൽ നിന്നും പ്രതി തട്ടിയെടുത്തത്. ടിക്കറ്റ് വാങ്ങിയ ശേഷം , തന്റെ പക്കലുണ്ടായിരുന്ന പഴയ ഫോൺ അയൂബിനെ പ്രതി ഏൽപ്പിച്ചു. തുടർന്ന്, എ.ടി.എമ്മിൽ നിന്നും പണം എടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച ശേഷം പ്രതി സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
സമാന രീതിയിൽ തന്നെയാണ് സെപ്റ്റംബർ 22 നും പ്രതി തട്ടിപ്പ് നടത്തിയത്. തിരുനക്കര എസ്.ബി.ഐയ്ക്കു മുന്നിൽ ലോട്ടറി വിൽപ്പന നടത്തുകയായിരുന്ന സുബുവിനെയാണ് പ്രതി അന്ന് കബളിപ്പിച്ചത്. സമൃദ്ധി ലോട്ടറിയുടെ 40 ടിക്കറ്റുകളാണ് ഇയാൾ അന്ന് സുബുവിൽ നിന്ന് തട്ടിയെടുത്തത്. ഗൂഗിൾ പേയിൽ ലോട്ടറി ടിക്കറ്റിന്റെ തുകയ്ക്ക് പകരം റിക്വസ്റ്റ് അയച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദും, കോട്ടയം ഡിവൈഎസ്പി കെ.എസ് അരുണും കർശനമായി ഇടപെടുകയും അതിവേഗം അന്വേഷണം നടത്താൻ നിർദേശം നൽകുകയുമായിരുന്നു.
ഇതേ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സംഘം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തി. തുടർന്ന് പ്രതിയിലേയ്ക്ക് എത്തുകയായിരുന്നു. സംഭവത്തിന് ശേഷം എറണാകുളത്തേയ്ക്ക് മുങ്ങിയ പ്രതിയെ ഇവിടെ നിന്നാണ് പൊലീസ് സംഘം കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.