മഴക്കെടുതി: സംസ്ഥാനത്ത് പരക്കെ നാശനഷ്‌ടം; ഇന്ന് മാത്രം ഏഴ് മരണം, ഇതുവരെ 27 മരണം; കെഎസ്ഇബിക്ക് 121 കോടി നഷ്ടം

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഏഴ് മരണം കൂടി. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയിൽ ഒരാഴ്‌ചക്കിടെ ആകെ മരണം 27 ആയി. ഇന്ന് മാത്രം മൂന്നുപേരെ കാണാതായി. എട്ടു ജില്ലകളിൽ റെഡ് അലേർട്ടാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ 2000ലേറെ പേർ ക്യാമ്പുകളിലേക്ക് മാറി. 200ലേറെ വീടുകൾ തകർന്നു. റോഡ്, റെയിൽ ഗതാഗതം അലങ്കോലമായി. നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്. ദേശീയപാതയിൽ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ള പാച്ചിലുമുണ്ടായി.
കോട്ടയം കൊല്ലാടിനു സമീപം മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി , പോളച്ചിറയിൽ അരുൺ സാം എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് ശക്തമായ തിരമാലയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കനത്ത മഴയിൽ നനയാതിരിക്കാൻ മുനമ്പത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം നിന്ന യുവതിയുടെ തലയിൽ കാറ്റിനെ തുടർന്ന് ഇഷ്ടിക വീണു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ഇടുക്കി അടിമാലിയിൽ മഴയെ തുടർന്നുണ്ടായ അപകടത്തിൽ പാറത്തോട് പുത്തൻ പറമ്പിൽ ബാബു (67) മരിച്ചു. കാസർകോട് കോട്ടിക്കുളം സ്വദേശി സാദിഖ് മഴയെ തുടർന്ന് നിറഞ്ഞ തോട്ടിൽ വീണ് മരിച്ചു. തോടിൻ്റെ കരയിലൂടെ നടക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു
വെള്ളക്കെട്ടിനെത്തുടർന്ന് കണ്ണൂർ പുഴാതി, താവക്കര എന്നിവിടങ്ങളിൽ നിന്നും ഡിങ്കി ബോട്ടിൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി ദുരിതമുണ്ടായി. കനത്ത കാറ്റിലും മഴയിലും പലയിടങ്ങളിലും വീടുകൾ തകർന്നു. കനത്ത വെള്ളക്കെട്ടിനെ തുടർന്ന് തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയിൽ വൻ ഗതാഗത കുരുക്ക്. നെടുമ്പ്രം അന്തി ചന്ത മുതൽ ആശുപത്രി പടി വരെയുള്ള ഒരു കിലോമീറ്റർ ദൂരത്ത് രൂപപ്പെട്ട വെള്ളക്കെട്ടാണ് ഗതാഗത തടസ്സത്തിന് ഇടയാക്കിയിരിക്കുന്നത്. കണ്ണൂർ രാമന്തളി പാലക്കോട് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പാലക്കോട് സ്വദേശി സുലൈമാൻ, ഇബ്രാഹിം എന്നിവരുടെ വീടിനുമുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഒരു വീടിൻറെ അടുക്കള ഭാഗം മുഴുവനായും മണ്ണുമൂടി. റെഡ് അലേർട്ട് ഉള്ള കാസർഗോഡ് ജില്ലയിൽ ശക്തമായ മഴയിൽ നിരവധിയിടങ്ങളിൽ വെള്ളം കയറി. മൂളിയാറിൽ 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൊഗ്രാൽ പുഴ, തേജ്വസിനി പുഴ, ഉപ്പള പുഴ തീരങ്ങളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി. മഞ്ചേശ്വരം താലൂക്കിലാണ് വെള്ളക്കെട്ട് രൂക്ഷമായത്